ഡൽഹി: രാഷ്‌ട്രപതി ഭവനിൽ നടന്ന പത്മ പുരസ്‌കാര ദാന ചടങ്ങിൽ നിന്നുള്ള മനോഹരമായ ഒരു വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. പത്മശ്രീ പുരസ്‌കാര ജേതാവായ ഹിർബായ് ഇബ്രാഹിം ലോബിയുടെ സന്തോഷ പ്രകടനമാണ് ഭാരതീയരുടെ ഹൃദയം കീഴടക്കുന്നത്. പുരസ്‌കാരം വാങ്ങുന്നതിനായി സദസ്സിലെത്തിയ ഹീർബായ് പ്രധാനമന്ത്രിയുടെ മുന്നിൽ വന്നു നിന്ന് സംസാരിക്കുന്നതിന്‍റെയും രാഷ്‌ട്രപതി ദ്രൗപദി മുർവിനെ തലോടുന്നതിന്‍റെയും വീഡിയോ ഭാരതീയർ ഏറ്റെടുത്ത് കഴിഞ്ഞു.
തന്‍റെ മുന്നിൽ എത്തിയ ഹിർബായിയെ പ്രധാനമന്ത്രി നരേന്ദ്രമോദി വണങ്ങുന്നത് വീഡിയോയിൽ കാണാം. ശേഷം, പ്രധാനമന്ത്രിയുടെ മുന്നിൽ നിന്നുകൊണ്ട് സദസ്സിനെ നോക്കി ഹിർബായി സംസാരിക്കുന്നു. അമിത് ഷാ അടക്കമുള്ളവർ അവരുടെ പ്രസംഗം കേട്ട് കയ്യടിക്കുന്നതും സമൃതി ഇറാനി നിറ കണ്ണുകളോടെ കൈ കൂപ്പി ഇരുന്നു കൊണ്ട് ഹിർബായിയുടെ വാക്കുകൾ ശ്രദ്ധാപൂർവ്വം കേൾക്കുന്നതും വീഡിയോയിൽ ദൃശ്യമാകും. രാഷ്‌ട്രപതിയുടെ കയ്യിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങിയ ഹിർബായി ദ്രൗപതി മുർമ്മുവിനെ തലോടികൊണ്ട് സ്‌നേഹം പങ്കുവെച്ച ശേഷമാണ് തിരികെ മടങ്ങിയത്.
സിദ്ദി ഗോത്രവർഗ സമൂഹത്തിന്‍റെ ഉന്നമനത്തിനും വികസനത്തിനുമായി നടത്തിയ പ്രവർത്തനങ്ങൾക്കാണ് ഹിർബായ് ഇബ്രാഹിം ലോബിയ്‌ക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചത്. ഗുജറാത്തിലെ ജുനഗഡിലെ ജംബുർ ഗ്രാമത്തിൽ നിന്നുള്ള സമൂഹ്യ പ്രവർത്തകയാണ് ലോബി. സിദ്ദി ആദിവാസി സ്ത്രീകളുടെ ഉന്നമനത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായി അവർ തന്‍റെ ജീവിതത്തിന്‍റെ വലിയൊരു ഭാഗം മാറ്റിവെച്ചു. 700-ലധികം സ്ത്രീകളുടെയും എണ്ണമറ്റ കുട്ടികളുടെയും ജീവിതത്തിന് വെളിച്ചം പകാരാൻ ഹിർബായിക്ക് സാധിച്ചിട്ടുണ്ട്.
Discussion about this post