ശ്രീനഗര്‍: മൂന്ന് മാസത്തിനിടെ ജമ്മു കശ്മീരില്‍ തിരിച്ചുപിടിച്ചത് 15.83 ലക്ഷം കനാല്‍ ഭൂമി. കൈയേറ്റക്കാരില്‍ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാനുള്ള ഭരണകൂട നടപടിയുടെ ഭാഗമായാണിത്. അടുത്തിടെ പുറത്തുവിട്ട ജമ്മു കശ്മീര്‍ സാമ്പത്തിക സര്‍വേയില്‍, 22.40 ലക്ഷം കനാല്‍ സര്‍ക്കാര്‍ ഭൂമി കൈയേറ്റത്തിലാണെന്ന് വെളിപ്പെടുത്തിയിരുന്നു. (ഏക്കറിന്‍റെ എട്ടിലൊന്ന് ഭാഗമാണ് ഒരു കനാല്‍).
ഈ വര്‍ഷം ജനുവരി ആദ്യവാരം ആരംഭിച്ച കൈയേറ്റ വിരുദ്ധ യജ്ഞത്തില്‍ ഇതുവരെ 15.83 ലക്ഷം കനാല്‍ ഭൂമിയാണ് തിരിച്ചുപിടിച്ചതെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ് പറഞ്ഞു. കേന്ദ്രഭരണമേഖലയിലെ മൊത്തം കൈയേറ്റ ഭൂമിയുടെ 71 ശതമാവും തിരിച്ചുപിടിച്ചതായി അദ്ദേഹം വ്യക്തമാക്കി.
മുന്‍ മന്ത്രിമാര്‍, മുന്‍ നിയമസഭാംഗങ്ങള്‍, സര്‍വീസില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥര്‍ എന്നിവരാണ് കൈയേറ്റക്കാരിലേറെയും. സര്‍ക്കാര്‍ ഭൂമി വീണ്ടെടുക്കാനുള്ള നീക്കം തുടരും. സര്‍ക്കാര്‍ ഭൂമി സര്‍ക്കാരിന്‍റെ സ്വത്താണ്, അത് സര്‍ക്കാരില്‍ തന്നെ തുടരണം, സിന്‍ഹ പറഞ്ഞു.
പിടിച്ചെടുത്ത ഭൂമി ജമ്മു കശ്മീരിലെ വ്യാവസായിക വിപ്ലവത്തിന് ഊര്‍ജം പകരാന്‍ ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൈയേറ്റ വിരുദ്ധ യജ്ഞം ഒരു ഘട്ടത്തിലും നിര്‍ത്തിയിട്ടില്ല. കോടതിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. അത് വ്യവസ്ഥാപിതമായ രീതിയിലാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post