ബുര്‍ഹാന്‍പൂര്‍(മധ്യപ്രദേശ്): ആര്‍എസ്എസ് സമാജത്തിന്‍റെ സംഘടനയാണെന്നും സമാജത്തിനുള്ളിലെ സംഘടനയല്ലെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ, മോഹന്‍ ഭാഗവത്. ബുര്‍ഹാന്‍പൂരില്‍ ഡോ. ഹെഡ്‌ഗേവാര്‍ സ്മാരക സമിതിയുടെ പുതിയ കാര്യാലയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമാജമാകെ സംഘമയമാകുന്ന കാലം അകലെയല്ല. അന്ന് സംഘത്തിന്‍റെ ഈ പേരും ഇല്ലാതാകും, ഹിന്ദു സമാജം സംഘമാകും. അതുകൊണ്ടാണ് ഈ കാര്യാലയം ഹിന്ദു സമാജത്തിന്‍റെ കേന്ദ്രമായത്. സമാജത്തിന്‍റെ സഹായത്തോടെ ഉയര്‍ന്നുവന്നതാണിത്, സമാജത്തിനു വേണ്ടി മാത്രം സമര്‍പ്പിക്കപ്പെട്ടതുമാണ്, മോഹന്‍ ഭാഗവത് പറഞ്ഞു.
ആര്‍എസ്എസ് പ്രവര്‍ത്തനം മുന്നോട്ടുപോകുന്നത് സ്വാര്‍ത്ഥതയോടെയല്ല, ആത്മാര്‍ത്ഥതയോടെയാണ് നടക്കുന്നത്. ഇത് സമാജത്തെ ഒരുമിച്ചുചേര്‍ക്കുന്ന പ്രവര്‍ത്തനമാണ്. ദൈവികമായ പവൃത്തിയാണത്. സ്വയംസേവകര്‍ ആ പ്രവര്‍ത്തനത്തിന്റെ ഉപകരണങ്ങളാണ്. സമാജം ഒരുമിച്ചാല്‍ അതിന്റെ ശക്തിയില്‍ നല്ല കാര്യങ്ങള്‍ നടക്കും. സജ്ജനങ്ങള്‍ സംരക്ഷിക്കപ്പെടുകയും ദുര്‍ജനങ്ങള്‍ ഭയപ്പെടുകയും ചെയ്യും.
ഭിന്നതകളും സ്വാര്‍ത്ഥതയും മറന്ന് രാജ്യത്തിന് വേണ്ടി ജീവിക്കാനും മരിക്കാനും സമാജം മുഴുവന്‍ ഒരുമിക്കണമെന്ന് സര്‍സംഘചാലക് പറഞ്ഞു. അപ്പോഴേ രാജ്യം മുന്നേറൂ.. രാജ്യത്തെ മുന്നോട്ട് നയിക്കുന്നതിനുള്ള കരാര്‍ ഏതെങ്കിലും സംഘടനകള്‍ക്ക് ഏറ്റെടുക്കാവുന്നതല്ല. അതിന് 130 കോടിയോളം വരുന്ന സമാജത്തെ മുഴുവന്‍ സംഘടിപ്പിക്കേണ്ടിവരും, സര്‍സംഘചാലക് പറഞ്ഞു.
Discussion about this post