ഭോപാല്‍: സ്വയം അറിയുകയാണ് ആത്മവിശ്വാസത്തിന് ആധാരമെന്നും ആത്മവിശ്വാസമുള്ള സമാജമാണ് രാഷ്ട്രപുനരുത്ഥാനത്തിന് കരുത്തുപകരുന്നതെന്നും ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി. ഭോപാല്‍ പീപ്പിള്‍സ് മാളില്‍ ചേര്‍ന്ന ‘ശക്തി സമാഗമം’ വനിതാസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ആദ്യകാലങ്ങളില്‍ സമാജികശാക്തീകരണത്തിന് മുഖ്യപങ്ക് വഹിച്ച സ്ത്രീസമൂഹം വൈദേശിക അതിക്രമങ്ങളുടെയും മറ്റും പശ്ചാത്തലത്തില്‍ സുരക്ഷാകാരണങ്ങളാല്‍ പിന്നാക്കം നില്‍ക്കേണ്ടിവന്നിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കാലം മാറിയിരിക്കുന്നു. വീട്ടുജോലിയില്‍ ഒതുങ്ങുന്നതല്ല സ്ത്രീയുടെ കരുത്ത്. അതിന് അതിരുകള്‍ ഇല്ല. രാഷ്ട്രത്തെ നയിക്കാനുള്ള കരുത്ത് ഭാരതീയ സ്ത്രീക്കുണ്ട്. ഭരതനെ വളര്‍ത്തിയ ശകുന്തള എന്ന അമ്മയും സമര്‍ത്ഥമായ ഒരു ഭരണകൂടത്തെ നയിച്ച അഹല്യബായി ഹോള്‍ക്കറെന്ന മഹാറാണിയും വനിതകളുടെ സൈന്യത്തെ സൃഷ്ടിച്ച ഝാന്‍സിറാണി ലക്ഷ്മിബായിയും നമുക്ക് മുന്നേ നടന്നവരാണ്. ആഗോള വേദിയില്‍ ഇന്ത്യന്‍ കുതിപ്പിനെ അടയാളപ്പെടുത്തിയ കല്പന ചൗളയുടെ സാഹസിക ജീവിതം നമുക്ക് മുന്നിലുണ്ട്. സ്ത്രീകള്‍ സ്വയം തിരിച്ചറിയേണ്ടത് ഇത്തരം മാതൃകകളിലൂടെയുമാകണമെന്ന് അദ്ദേഹം പറഞ്ഞു.
ആത്മാഭിമാനം സംരക്ഷിക്കുക എന്നത് സ്ത്രീകളുടെ പ്രധാന ഉത്തരവാദിത്തമാണെന്ന് പരിപാടിയില്‍ സംസാരിച്ച സാധ്വി രഞ്ജന പറഞ്ഞു. ശക്തിയും ത്യാഗവും സമന്വയിച്ചതാണ് സ്ത്രീയുടെ സഹജഭാവം. സ്ത്രീകള്‍ ആരോഗ്യശാലികളാവുകയും സാമ്പത്തികമായി സ്വയംപര്യാപ്തരാവുകയും വേണം, സാധ്വി പറഞ്ഞു.
എഡിജെ സുഷമ സിങ്, ആര്‍എസ്എസ് മധ്യക്ഷേത്ര സഹകാര്യവാഹ് ഹേമന്ത് മുക്തിബോധ്, ശക്തി സമാഗമം പ്രാന്ത സംയോജക ഡോ. സുനന്ദ സിങ് രഘുവംശി, വിഭാഗ് സംയോജക കുസും സിങ്, അവതാരക വന്ദന ഗാന്ധി എന്നിവര്‍ സംസാരിച്ചു. പ്രശസ്ത നര്‍ത്തകി ഡോ. ലതാ മുന്‍ഷിയുടെയും സംഘത്തിന്റെയും ഭരതനാട്യവും വേദിയില്‍ അരങ്ങേറി.
Discussion about this post