ശ്രീനഗര്‍: കശ്മീരിന്‍റെ സൗന്ദര്യത്തില്‍ മയങ്ങി ജി 20 ഷെര്‍പ്പകള്‍. ജി20 ടൂറിസം വര്‍ക്കിങ് ഗ്രൂപ്പ് യോഗത്തിന്‍റെ രണ്ടാം ദിവസം വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കണ്ടും ആസ്വദിച്ചുമാണ് ആരംഭിച്ചത്. നിഷാത് ഗാര്‍ഡന്‍, ചെഷ്മ ഷാഹി, പാരി മഹല്‍, കശ്മീര്‍ ആര്‍ട്സ് എംപോറിയം, പോളോ വ്യൂ മാര്‍ക്കറ്റ് തുടങ്ങിയ കേന്ദ്രങ്ങള്‍ കണ്ട് അവര്‍ വിസ്മയിച്ചു. ഭീകരരുടെ തേര്‍വാഴ്ചയില്‍ പകച്ചുനിന്നിരുന്ന ഒരു നാട് വിനോദസഞ്ചാരമേഖലയുടെ പറുദീസയായി എങ്ങനെ മാറിയെന്നതും ഷെര്‍പ്പകളുടെ തുടര്‍ യോഗത്തിന് വിഷയമാകും.
ശ്രീനഗറിലെ ഷേര്‍-ഇ-കശ്മീര്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് സെന്ററിലാണ് യോഗം നടക്കുന്നത്. വിനോദസഞ്ചാര, ബിസിനസ് മേഖലയെ ഉത്തേജിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ജി20 ഉച്ചകോടി യോഗങ്ങളെ ആവേശത്തോടെയാണ് കശ്മീരിലെ ജനങ്ങള്‍ സ്വാഗതം ചെയ്തത്. കഴിഞ്ഞ ദിവസം നടന്‍ രാംചരണിന്റെ സാന്നിധ്യവും പ്രതിനിധികള്‍ക്ക് ഉത്സാഹമേകി. ലോകമെങ്ങും വിഖ്യാതമായ നാട്ടു നാട്ടു പാട്ടിനൊപ്പം രാംചരണ്‍ ചുവടുവച്ചു. തിലകം ചാര്‍ത്തിയാണ് പ്രതിനിധികളെ സമ്മേളനത്തിലേക്ക് വരവേറ്റത്.
ചൈനയും തുര്‍ക്കിയും സൗദിയും വിട്ടുനില്‍ക്കുന്ന യോഗം പക്ഷേ ലോക മാധ്യമങ്ങളില്‍ ചര്‍ച്ചയായി. കശ്മീരിലെ സുസ്ഥിര സമാധാനത്തിന് നരേന്ദ്രമോദി സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ ചൂണ്ടിക്കാട്ടിയാണ് പല വിദേശമാധ്യമങ്ങളും ജി 20 ടൂറിസം കര്‍മ്മസമിതിയോഗം റിപ്പോര്‍ട്ട് ചെയ്തത്. വെല്ലുവിളികളെ അതിജീവിച്ച് കശ്മീര്‍ അതിന്റെ ജീവിതം തിരികെപ്പിടിച്ചിരിക്കുന്നുവെന്ന് തയ്‌വാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ജി20 പ്രതിനിധികളെത്തിയ ശ്രീനഗറിലെ ഷെയ്ഖ് ഉള്‍ ആലം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ത്യന്‍ ദേശീയ പതാകയുടെ നിറങ്ങളില്‍ പ്രകാശിപ്പിച്ച വിളക്ക് തൂണുകളും ജി 20 ലോഗോ ഉള്‍ക്കൊള്ളുന്ന പരസ്യ ബോര്‍ഡുകളും ഉയര്‍ത്തിയുള്ള സ്വീകരണം ആകര്‍ഷകമായെന്ന് നിക്കി ഏഷ്യ എഴുതി. യോഗം നാളെയാണ് സമാപിക്കുന്നത്.
Discussion about this post