ജോധ്പൂര്‍: പെരുമഴയെ കൂസാതെ നൂറ് കണക്കിന് രാഷ്ട്രസേവികാസമിതി പ്രവര്‍ത്തകര്‍ അണിനിരന്ന പഥസഞ്ചലനത്തിന്റെ ദൃശ്യങ്ങള്‍ തരംഗമായി. രാഷ്ട്ര സേവിക സമിതി ജോധ്പൂര്‍ പ്രാന്തത്തിന്റെ പ്രബോധ് ശിക്ഷാ വര്‍ഗിനോടനുബന്ധിച്ച് നഗരത്തില്‍ നടന്ന പഥസഞ്ചലനമാണ് ശ്രദ്ധയാകര്‍ഷിച്ചത്.
സര്‍ദാര്‍പുരയിലെ നെഹ്റു പാര്‍ക്കില്‍ നിന്ന് പഥസഞ്ചലനം ആരംഭിച്ചതിന് തൊട്ടുപിന്നാലെ മഴയും തുടങ്ങി. കനത്ത മഴയില്‍ നഗരത്തിലെ റോഡുകള്‍ വെള്ളത്തില്‍ മുങ്ങി. എന്നാല്‍ നിശ്ചയിച്ചത് അനുസരിച്ച് പഥസഞ്ചലനം ചിട്ടയോടെ പൂര്‍ത്തിയാക്കുകയായിരുന്നു. നെഹ്റു പാര്‍ക്ക്, ഗ്രാഫിക്സ് ക്രോസ്റോഡ്സ്, ഗോള്‍ ബില്‍ഡിങ്, ജലോരി ഗേറ്റ് എന്നിവിടങ്ങളില്‍ നിന്ന് ആരംഭിച്ച പഥസഞ്ചലനങ്ങള്‍ വീണ്ടും നെഹ്റു പാര്‍ക്കില്‍ സംഗമിച്ച് സര്‍ദാര്‍പുരയില്‍ സമാപിക്കുകയായിരുന്നു.
വ്യക്തി നിര്‍മ്മാണത്തിലൂടെ രാഷ്ട്രവൈഭവം എന്ന ലക്ഷ്യമാണ് സേവികാസമിതിയുടെ പരിശീലന ശിബിരങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതെന്ന് പഥസഞ്ചലനത്തെ തുടര്‍ന്നുചേര്‍ന്ന പൊതുസമ്മേളനത്തില്‍ ക്ഷേത്ര കാര്യവാഹിക പ്രമീള ജി ശര്‍മ്മ പറഞ്ഞു. വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രം എന്നിവയുടെ സമഗ്രപുരോഗതിയില്‍ സ്ത്രീശക്തി നിര്‍ണായകമാണ്. ശാരീരികവും മാനസികവും ബൗദ്ധികവുമായ വികാസത്തിലൂടെ നാടിനായി സമര്‍പ്പിക്കാനുള്ള ഭാവന സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. എല്ലാ മേഖലയിലും സ്ത്രീകള്‍, പ്രത്യേകിച്ച് പെണ്‍മക്കള്‍ പ്രാവീണ്യം നേടേണ്ടത് ഇന്നത്തെ കാലത്തിന്റെ അനിവാര്യതയാണ്. രാഷ്ട്രസംരക്ഷണത്തിനും പുരോഗതിക്കും വേണ്ടി ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന തലമുറയെ വാര്‍ത്തെടുക്കണം, അവര്‍ പറഞ്ഞു.
പ്രാന്ത കാര്യവാഹിക ഡോ. സുമന്‍ റൗലത്ത്, പ്രചാരക റിതു ശര്‍മ്മ തുടങ്ങിയവരും പങ്കെടുത്തു.
Discussion about this post