മുംബൈ: മഹാരാഷ്ട്രയിലെ ബാന്ദ്ര-വെർസോവ കടൽപ്പാലത്തിന് ‘വീർ സവർക്കർ സേതു’ എന്ന പേര് നല്‍കുമെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. ബാന്ദ്ര-വെർസോവ കടൽ പാലം ഇനി മുതല്‍ വീർ സവർക്കർ സേതു എന്നറിയപ്പെടുമെന്നും ഷിൻഡെ പറഞ്ഞു. സവർക്കറുടെ 140-ാം ജന്മവാർഷിക ദിനത്തില്‍ സര്‍ക്കാരിന്‍റെ അംഗീകാരം എന്ന നിലയിലാണ് ഈ തീരുമാനം.
അതുപോലെ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന ധീരതയ്ക്കുള്ള പുരസ്കാരത്തിന് സമാന്തരമായി മഹാരാഷ്ട്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന പുരസ്കാരം സവര്‍ക്കറുടെ പേരില്‍ അറിയപ്പെടും. ചിലര്‍ സവര്‍ക്കറുടെ പേര് മനപൂര്‍വ്വം നശിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും സവര്‍ക്കറുടെ ചിന്ത മുഖ്യധാര ചിന്തയായി മാറിയാല്‍ പലരുടെയും കടപൂട്ടേണ്ടിവരുമെന്ന ഭയം ഇവര്‍ക്കുണ്ടെന്നും മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ പറഞ്ഞു.
മഹാരാഷ്ട്ര സര്‍ക്കാര്‍ പണിത മഹാരാഷ്ട്ര സദനില്‍ ഇതാദ്യമായാണ് വീര്‍ സവര്‍ക്കറുടെ ജന്മദിനം ഔദ്യോഗികമായി ആഘോഷിക്കുന്നത്. സവര്‍ക്കര്‍ മരിച്ചിട്ട് 57 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അദ്ദേഹത്തിന്‍റെ ചിന്തകള്‍ പലരും ഭയക്കുന്നു. കാരണം അദ്ദേഹത്തിന്‍റെ ചിന്തകള്‍ എല്ലാവരും അംഗീകരിച്ചു തുടങ്ങിയാല്‍ പലരുടെയും കടപൂട്ടുമെന്ന ഭയം സവര്‍ക്കറെ വിമര്‍ശിക്കുന്ന പലര്‍ക്കുമുണ്ടെന്നും ഏക്നാഥ് ഷിന്‍ഡെ പറഞ്ഞു.
ബാന്ദ്ര-വെർസോവ കടൽപ്പാലത്തിന് വീര്‍ സവര്‍ക്കറുടെ പേര് നല്‍കിയതിന് മുഖ്യമന്ത്രി ഏക്നാത് ഷിന്‍ഡെയെ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അഭിനന്ദിച്ചു. ഈ മാര്‍ച്ചില്‍ കടല്‍പ്പാലത്തിന് വീര്‍ സവര്‍ക്കറുടെ പേര് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫഡ് നാവിസ് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേയ്ക്ക് കത്തയച്ചിരുന്നു. ഇത് സവര്‍ക്കറുടെ പേര് കൂടുതല്‍ സുദൃഡമാക്കുമെന്നും ഈ കടല്‍പ്പാലം ജനങ്ങളുടെ മനസ്സില്‍ എന്നെന്നേയ്ക്കുമായി കൊത്തിവെയ്ക്കപ്പെടുമെന്നും ദേവേന്ദ്ര ഫഡ് നാവിസ് കത്തില്‍ കുറിച്ചിരുന്നു.
വീര്‍ സവര്‍ക്കറുടെ പേര് വെട്ടിയ എന്‍സിപി കഥ
കടല്‍പ്പാലത്തിന് ഇതിനു മുന്‍പും വീര്‍ സവര്‍ക്കറുടെ പേര് നല്‍കപ്പെട്ടിട്ടുണ്ട്. 2009ല്‍ ബാന്ദ്ര-വര്‍ളി കടല്‍പ്പാലത്തിന് ബിജെപി-ശിവസേന സര്‍ക്കാര്‍ വീര്‍ സവര്‍ക്കറുടെ പേര് നല്‍കിയതാണ്. എന്നാല്‍ പിന്നീട് കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന അധികാരത്തില്‍ വന്നപ്പോള്‍ ഈ നിര്‍ദേശം എന്‍സിപി വെട്ടുകയും പകരം കടല്‍പ്പാലത്തിന് രാജീവ് ഗാന്ധിയുടെ പേര് നല്‍കുകയും ചെയ്തു.
Discussion about this post