പൂനെ: യുവാക്കള്‍ക്കിടയില്‍ സംരംഭകത്വത്തെ പ്രോത്സാഹിപ്പിച്ച് 2047 ഓടെ ഇന്ത്യയെ സ്വയംപര്യാപ്തമാക്കുമെന്ന് മഹര്‍ഷി കാര്‍വേ വനിതാ വിദ്യാഭ്യാസ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സ്വദേശി ജാഗരണ്‍ മഞ്ച് ദേശീയ കൗണ്‍സില്‍ യോഗം. യുവത്വത്തിന്‍റെ കഴിവുകള്‍ക്ക് അവസരം ഒരുക്കാന്‍ രാജ്യത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും തൊഴില്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് ജാഗരണ്‍ മഞ്ച് അഖില ഭാരതീയ സഹ സംയോജക് ഡോ. അശ്വിനി മഹാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൗണ്‍സില്‍ യോഗത്തിന്‍റെ വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
430 തൊഴില്‍ കേന്ദ്രങ്ങള്‍ ഇതിനകം സജ്ജീകരിച്ചിട്ടുണ്ട്. ഇവയെ ശാക്തീകരിക്കുന്നതിന് ജൂണ്‍ 30 വരെ തീവ്ര സമ്പര്‍ക്ക അഭിയാന്‍ നടത്തും. ഇതോടൊപ്പം സ്വാവലംബി അഭിയാന്‍ ഡിജിറ്റല്‍ കാമ്പയ്നും ഊര്‍ജിതമാക്കും.
ആഗസ്ത് 21 ന് ലോക സംരംഭകത്വ ദിനത്തോടനുബന്ധിച്ച് അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്‍റെ സഹായത്തോടെ സ്‌കൂളുകളിലും കോളേജുകളിലും സര്‍വകലാശാലകളിലും പരിപാടികള്‍ സംഘടിപ്പിക്കും. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ രാജ്യത്തെ അമ്പതിലധികം സ്ഥലങ്ങളില്‍ സ്വദേശി സ്വാവലംബന്‍ മേളകള്‍ സംഘടിപ്പിക്കും.
രാജ്യത്തിന്‍റെ സാമ്പത്തിക പുരോഗതിയില്‍ ശാസ്ത്രീയ വളര്‍ച്ചയ്ക്ക് മുഖ്യപങ്കുണ്ടെന്ന് യോഗം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി. മാനവികതയുടെ തത്വങ്ങള്‍ പിന്തുടരുന്ന ശാസ്ത്രം ശാപമല്ല, അനുഗ്രഹമാണ്. ഗ്രാമീണ തൊഴിലവസരങ്ങളിലും പരിസ്ഥിതിയിലും ഊന്നല്‍ നല്‍കുന്ന വികസന പ്രമേയമാണ് 2047-ലെ ഇന്ത്യയുടെ ലക്ഷ്യം. ഇത് മൂല്യങ്ങള്‍, ധാര്‍മ്മിക തത്വങ്ങള്‍, സഹകരണം, വികേന്ദ്രീകരണം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്നും പ്രമേയം പ്രസ്താവിച്ചു.
2047-ല്‍ ഇന്ത്യ ഉത്പാദന സംവിധാനം കാര്യക്ഷമമാക്കണമെന്നും യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് തടയണമെന്നും യോഗം ആവശ്യപ്പെട്ടു. ഇന്ത്യന്‍ കറന്‍സി പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇന്ത്യന്‍ ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതി അന്താരാഷ്ട്ര വിപണിയില്‍ കൂടുതല്‍ മത്സരാധിഷ്ഠിതമാക്കണം.
ജി-20 ഗ്രൂപ്പിന്റെ അധ്യക്ഷസ്ഥാനം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള അവസരമാണെന്നും ലോക വ്യാപാര സംഘടനയിലെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഇന്ത്യ ഈ ഫോറം ഉപയോഗിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മഞ്ച് പശ്ചിമ ക്ഷേത്ര സഹസംയോജക് പ്രശാന്ത് ദേശ്പാണ്ഡെ, പശ്ചിമ മഹാരാഷ്ട്ര പ്രാന്ത സംയോജക് ഹേമന്ത് സാത്തേ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Discussion about this post