ഇംഫാല്‍: അക്രമങ്ങൾ തുടരുന്ന മണിപ്പൂരില്‍ ഇന്ത്യന്‍ ആര്‍മിയും അസം റൈഫിള്‍സും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ വന്‍ ആയുധശേഖരം പിടികൂടി. 318 വെടിക്കോപ്പുകളും അഞ്ച് ബോംബുകളും ഉള്‍പ്പെടെ നിരവധി ആയുധങ്ങളാണ് പിടിച്ചെടുത്തത്.
സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനുകളില്‍ നിന്നും സര്‍ക്കാര്‍ ആയുധപ്പുരകളില്‍ നിന്നും മോഷ്ടിക്കപ്പെട്ട ആയുധങ്ങളാണ് കണ്ടെടുത്തത്. ആയുധങ്ങള്‍ താഴെ വയ്ക്കാന്‍ കുക്കി,മേയ്തി വിഭാഗങ്ങള്‍ തയാറാകാത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് സംഘര്‍ഷം തുടരുകയാണ്. ഇംഫാലില്‍ പലയിടത്തും ബുധനാഴ്ച ഏറ്റുമുട്ടല്‍ ഉണ്ടായി.
ഞായറാഴ്ച കുക്കി തീവ്രവാദികളുടെ വെടിവയ്പിൽ തലയ്ക്ക് പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലന്‍സിന് അക്രമികള്‍ തീയിട്ടതിനെതുടര്‍ന്ന് മൂന്ന് പേര്‍ വെന്തു മരിച്ചിരുന്നു. പരിക്കേറ്റ എട്ടുവയസുകാരനും ഒപ്പമുണ്ടായിരുന്ന അമ്മയും ബന്ധുവുമാണ് കൊല്ലപ്പെട്ടത്. മണിപ്പൂരില്‍ പ്രത്യേക ഭരണസംവിധാനം ആവശ്യപ്പെട്ട പത്ത് കുക്കി-ചിന്‍ എംഎല്‍എമാര്‍ക്ക് നിയമസഭാ എത്തിക്സ് കമ്മിറ്റി ഇന്നലെ കാരണം കാണിക്കല്‍ നോട്ടീസ് നല്കിയിട്ടുണ്ട്. 16നകം എംഎല്‍എമാര്‍ ഇത് സംബന്ധിച്ച് വിശദീകരണം നല്കണം.
അതിനിടെ മണിപ്പൂരിലെ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള വിദേശ പൗരന്മാരുടെ അനിയന്ത്രിതമായ കടന്നുവരവില്‍ അടിയന്തരമായി ഇടപെടണമെന്ന് നോര്‍ത്ത് ഈസ്റ്റ് ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫോറം (എന്‍ഇഐപിഎഫ്) കേന്ദ്രത്തോടും മണിപ്പൂര്‍ സര്‍ക്കാരിനോടും ആവശ്യപ്പെട്ടു.
പ്രദേശത്തിന്റെ ജനസംഖ്യാപരമായ സന്തുലനം തകര്‍ക്കുന്ന വിധത്തിലുള്ള കുടിയേറ്റമാണ് പ്രശ്നങ്ങള്‍ വഷളാക്കുന്നതെന്ന് ഗുവാഹത്തിയിലെ ഭഗവതി പ്രസാദ് ബറുവ ഭവനില്‍ നടന്ന പ്രത്യേക എക്‌സിക്യൂട്ടീവ് യോഗം ചൂണ്ടിക്കാട്ടി.
എല്ലാ കുക്കികളും മ്യാന്‍മറില്‍ നിന്നുള്ളവരല്ല. എന്നാല്‍ സമീപ വര്‍ഷങ്ങളില്‍, ഒരു വലിയ വിഭാഗം കുക്കികള്‍ മ്യാന്‍മറില്‍ നിന്ന് മണിപ്പൂരിലെ സംരക്ഷിത വനങ്ങളിലേക്ക് അതിക്രമിച്ച് കയറിയിട്ടുണ്ട്. ഇവരുടെ ജനസംഖ്യയില്‍ മുപ്പത് ശതമാനമാണ് വര്‍ധനയുണ്ടായത്. ഈ മേഖലയിലേക്കുള്ള മയക്കുമരുന്ന് കടത്തിനെക്കുറിച്ചും സര്‍ക്കാരും ജനങ്ങളും ജാഗ്രത പാലിക്കണമെന്ന് യോഗം മുന്നറിയിപ്പ് നല്കി. നാര്‍ക്കോ ടെററിസത്തിന് അക്രമങ്ങളില്‍ പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അതിനിടെ ലെയ്തന്‍പോക്പിയടക്കമുള്ള പ്രശ്നമേഖലകളില്‍ അക്രമത്തിനിരകളായവര്‍ക്കായി ആസാം റൈഫിള്‍സിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി. ഇന്നലെ മാത്രം 834 പേരാണ് ക്യാമ്പില്‍ ചികിത്സ തേടിയെത്തിയതെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു. അതേസമയം ഒരു സംഘം കുക്കി അനുകൂലികള്‍ ഇന്നലെ ദല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വീടിനുമുന്നില്‍ പ്രതിഷേധിച്ചു.
Discussion about this post