ചെന്നൈ: ചിദംബരം ക്ഷേത്രത്തിലെ പവിത്രമായ ആനി തിരുമഞ്ജന വേളയില്‍(വേല്‍വിഴ) കനകസഭാമേടയില്‍ അതിക്രമിച്ചുകയറാനുള്ള തമിഴ്‌നാട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും നീക്കത്തെ ചെറുത്ത് ഭക്തജനങ്ങള്‍. ക്ഷേത്രം പിടിച്ചെടുക്കുമെന്ന് ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് (എച്ച്ആര്‍സിഇ) മന്ത്രി പി. ശേഖര്‍ബാബു പരസ്യമായി പ്രഖ്യാപിച്ചതിന് പിന്നാലെ27ന് രാത്രിയാണ് കടന്നുകയറ്റത്തിന് നീക്കമുണ്ടായത്. അതേസമയം ഉദ്യോഗസ്ഥരെ തടഞ്ഞുവെന്ന് ആരോപിച്ച് ക്ഷേത്രം പൂജാരിമാര്‍ക്കെതിരെ ഇന്നലെ പോലീസ് കേസെടുത്തു.
പരമ്പരാഗതമായി നടത്തിപ്പോരുന്ന ദീക്ഷിതര്‍ സമൂഹത്തില്‍ നിന്ന് ക്ഷേത്രം സര്‍ക്കാര്‍ പിടിച്ചെടുക്കുമെന്നും അതിനുള്ള രേഖകള്‍ സമാഹരിച്ചുവരികയാണെന്നുമാണ് മന്ത്രി പി. ശേഖര്‍ബാബു മാധ്യമങ്ങളോട് പറഞ്ഞത്. അതിന് പിന്നാലെ എച്ച്ആര്‍ ആന്‍ഡ് സിഇ ഉദ്യോഗസ്ഥര്‍ പോലീസിന്റെ സഹായത്തോടെ ക്ഷേത്രത്തിനുള്ളിലെ കനകസഭാമേടയില്‍ നടരാജ വിഗ്രഹത്തില്‍ അര്‍ച്ചന നടത്താനെന്ന അവകാശവാദത്തോടെ കയറാന്‍ പരിശ്രമിക്കുകയായിരുന്നു. ഇതിനെതിരെ പൂജാരിമാരടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തി.
24 മുതല്‍ 27 വരെ നാല് ദിവസത്തെ പ്രത്യേക പൂജകള്‍ നടക്കുന്നതിനാല്‍ കനകസഭാമേടയില്‍ ഭക്തര്‍ക്ക് പ്രവേശനം വിലക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും അത് വക വയ്ക്കാതെ ഉദ്യോഗസ്ഥര്‍ പോലീസുകാരുടെ സഹായത്തോടെ കടന്നുകയറാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. ഭക്തര്‍ക്ക് വിലക്കുകളേര്‍പ്പെടുത്തി ക്ഷേത്രഭരണസമിതി സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍ ഉദ്യോഗസ്ഥര്‍ എടുത്തുമാറ്റി. പ്രത്യേക പൂജാവേളകളില്‍ ഭക്തരെ വിലക്കുന്ന നടപടിക്കെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടിയെന്നാണ് സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ ഇത് ക്ഷേത്രത്തിലെ അനുഷ്ഠാനങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഭക്തര്‍ക്ക് ഇക്കാര്യത്തില്‍ പരാതിയില്ലെന്നും പരാതി തന്നുവെന്ന് പറയുന്ന ആള്‍ ചിദംബരക്ഷേത്രത്തിലെ ചിട്ടകള്‍ പാലിക്കാന്‍ തയാറാകാത്ത ആളായിരിക്കുമെന്ന് പൂജാരിമാര്‍ ചൂണ്ടിക്കാട്ടുന്നു.
വന്‍ പോലീസ് സേനയുടെ അകമ്പടിയോടെ ഒരു കൂട്ടം ആളുകള്‍ കനകസഭയില്‍ ഒത്തുകൂടിയതോടെ ഭക്തജനങ്ങളും സംഘടിച്ചു. ഇതിന് പിന്നാലെ എച്ച്ആര്‍ ആന്‍ഡ് സിഇ ഉദ്യോഗസ്ഥര്‍ പ്രാര്‍ത്ഥിക്കാനെന്ന പേരില്‍ കനകസഭാമേടയില്‍ കയറുകയായിരുന്നു. ഇത് സംഘര്‍ഷത്തിലേക്ക് നയിച്ചു. തുടര്‍ന്ന് നട അടയ്ക്കാന്‍ പൂജാരിമാര്‍ തീരുമാനിക്കുകയായിരുന്നു. ആനി തിരുമഞ്ജനവേള കഴിഞ്ഞ ദിവസം മുതല്‍ എല്ലാ ഭക്തര്‍ക്കും പ്രാര്‍ത്ഥിക്കുന്നതിനായി പൂജാരിമാര്‍ മേട തുറന്നു കൊടുത്തിട്ടുണ്ട്. സര്‍ക്കാര്‍ തന്നെ തയാറാക്കിയ പരാതിയുടെ പേരില്‍ ക്ഷേത്രത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് പിടിച്ചെടുക്കാനാണ് പരിശ്രമിക്കുന്നതെന്ന് ദീക്ഷിതര്‍ സമൂഹം ആരോപിച്ചു. അതേസമയം ക്ഷേത്രത്തിനെതിരെ നടക്കുന്ന സര്‍ക്കാര്‍ നീക്കങ്ങള്‍ ചോദ്യം ചെയ്ത് ആരാധനാസമൂഹം പ്രസിഡന്റ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. രണ്ടായിരം വര്‍ഷമായി ദീക്ഷിതര്‍ സമൂഹമാണ് ചിദംബരം ക്ഷേത്രം നടത്തിപ്പോരുന്നതെന്നും സര്‍ക്കാരിന്റെ കടന്നുകയറ്റം അനാവശ്യമാണെന്നും രമേശ് ചൂണ്ടിക്കാട്ടി.
Discussion about this post