തിരുവനന്തപുരം: ചന്ദ്രയാൻ മൂന്ന് ബഹിരാകാശ പേടകം ജിഎസ്എൽവി മാർക്ക് മൂന്ന് വിക്ഷേപണ വാഹനവുമായി ബന്ധിപ്പിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലായിരുന്നു ഇത്. ഐഎസ്ആർഒ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ചന്ദ്രോപരിതല പര്യവേണത്തിനുള്ള ഇന്ത്യയുടെ ചന്ദ്രയാൻ മൂന്ന് ജൂലൈ 12 നും 19 നും ഇടയിൽ വിക്ഷേപിക്കാനുള്ള തയ്യാറെടുപ്പുകളാണ് നടന്നുവരുന്നത്. വിക്ഷേപണ റിഹേഴ്‌സലിന് ശേഷം കൗണ്ട്ഡൗൺ ആരംഭിക്കും. നൂറ് കിലോമീറ്റർ ഭ്രമണപഥം വരെ ലാൻഡറിനെയും റോവറിനെയും ബഹിരാകാശ വാഹന ഭാഗം വഹിക്കും. തുടർന്ന് ബഹിരാകാശ വാഹനഭാഗം ചന്ദ്രനം ചുറ്റും. ലാൻഡറിനെ ചന്ദ്രോപരിതലത്തിൽ പതിയെ ഇറക്കാനും റോവറിനെ ചാന്ദ്ര പ്രതലത്തിൽ ചലിപ്പിക്കാനുമുള്ള രണ്ടാം ശ്രമമത്തിലാണ് ഇസ്രോ.
ലാൻഡർ മെഡ്യൂൾ, പ്രൊപ്പൽഷൻ മൊഡ്യൂൾ, റോവർ എന്നിവയാണ് ചന്ദ്രയാന്റെ മൂന്ന് ഘടകങ്ങൾ. ചന്ദ്രോപരിതലത്തിലുള്ള രാസ, പ്രകൃതി മൂലകങ്ങൾ, ജലം എന്നിവയുടെ പര്യവേഷണമാണ് ചന്ദ്രയാൻ മൂന്ന് ലക്ഷ്യമിടുന്നത്. ചന്ദ്രയാൻ രണ്ട് ദൗത്യത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് ലാൻഡറിൽ മാറ്റം വരുത്തിയിട്ടുണ്ട്. പലതരത്തിലുള്ള പരിശോധനകൾ നടത്തി, കൃത്യതയോടെയാകും മൂന്നാം പര്യവേഷണം.
Discussion about this post