ന്യൂദല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) മേധാവി സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി നീട്ടിയത് ‘നിയമവിരുദ്ധമാണെന്ന സുപ്രീംകോടതിയുടെ നിര്‍ദേശം കേന്ദ്രസര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്ന പ്രതിപക്ഷത്തിന്റെ വ്യാഖ്യാനത്തിനെതിരെ ആഭ്യന്തരമന്ത്രി അമിത് ഷാ.
ഒരു സ്ഥാപനമെന്ന നിലയില്‍ ഇ ഡി അതിന്റെ ദൗത്യവുമായി മുന്നോട്ടുപോകും. വികസന വിരുദ്ധരും അഴിമതിക്കാരുമായ എല്ലാവരും ഇ ഡിയുടെ നിരീക്ഷണത്തിലുണ്ടാകും. അതുകൊണ്ട് ആരാണ് ഡയറക്ടര്‍ എന്നതിന് പ്രസക്തിയില്ല. ആര് ഡയറക്ടറായാലും അവര്‍ അഴിമതിയുടെ കുടുംബവാഴ്ചകളെ വെറുതെ വിടില്ല, അമിത് ഷാ പറഞ്ഞു.
സുപ്രീംകോടതി തീരുമാനത്തെ മുന്‍ നിര്‍ത്തി ആരും അമിതമായി ആഗ്രഹിക്കണ്ട എന്ന് അദ്ദേഹം പറഞ്ഞു. ഇതൊരു ഭാഗികമായ വിധിയാണ്. വ്യാമോഹങ്ങള്‍ ഇല്ലാതിരിക്കുകയാണ് നല്ലത്, ഷാ ട്വിറ്ററില്‍ കുറിച്ചു. എല്ലാ ചട്ടങ്ങളും പാലിച്ച് പാര്‍ലമെന്റ് പാസാക്കിയ സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന്‍ (സിവിസി) നിയമത്തിലെ ഭേദഗതികള്‍ ഇതേ വിധിയില്‍ സുപ്രീം കോടതി ശരിവച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി ചൂണ്ടിക്കാട്ടി.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നത് ഒരു വ്യക്തിയെ ആശ്രയിച്ചുനില്‍ക്കുന്ന സംവിധാനമല്ല. അന്വേഷണ ഏജന്‍സി എന്ന നിലയില്‍ അതില്‍ നിക്ഷിപ്തമായ ജോലികള്‍ വേഗം തന്നെ പൂര്‍ത്തിയാക്കാനുള്ള സംവിധാനം ഇ ഡിക്കുണ്ട്. കള്ളപ്പണം വെളുപ്പിക്കുന്നവരും വിദേശനാണ്യച്ചട്ടങ്ങള്‍ ലംഘിക്കുന്നവരും സുപ്രീംകോടതി തീരുമാനത്തെ തെറ്റിദ്ധരിച്ചാണെങ്കിലും ആഹ്ലാദിക്കുന്നത് മനസ്സിലാക്കാം. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ എന്തിനാണ് ആഘോഷിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
സുപ്രീംകോടതി വിധി വന്നതോടെ ഇ ഡിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും വിധി നരേന്ദ്രമോദി സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്നും പ്രതിപക്ഷനേതാക്കള്‍ പ്രസ്താവിച്ചിരുന്നു.
Discussion about this post