ന്യൂദല്‍ഹി: രാജ്യത്ത് 65 ശതമാനത്തോളം ആളുകള്‍ ഗ്രാമങ്ങളിലാണ് ജീവിക്കുന്നതെന്നും അതിനാല്‍ നബാര്‍ഡ് പോലൊരു സ്ഥാപനം സുപ്രധാനമാണെന്നും കേന്ദ്ര സഹകരണ വകുപ്പ് മന്ത്രി അമിത് ഷാ. നബാര്‍ഡിന്റെ 42-ാമത് സ്ഥാപക ദിനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ നാല് പതിറ്റാണ്ടായി നബാര്‍ഡ് ഈ രാജ്യത്തിന്റെ ഗ്രാമീണ സമ്പദ്വ്യവസ്ഥ, അടിസ്ഥാന സൗകര്യങ്ങള്‍, കൃഷി, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയുടെ നട്ടെല്ലാണെന്ന് തെളിയിച്ചിട്ടുണ്ടെന്നും സഹകരണ മന്ത്രി പറഞ്ഞു. ഒന്നര പതിറ്റാണ്ടിലേറെയായി സ്വാശ്രയ സംഘങ്ങളുടെ ആണിക്കല്ലാണ് നബാര്‍ഡ്.
ഇന്ന് ഗ്രാമങ്ങള്‍ സ്വയം പര്യാപ്തമാവുകയാണെന്നും അതേ സമയം ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെ ആത്മാവായ കൃഷി ലോകമെമ്പാടും അതിന്റെ മുദ്ര പതിപ്പിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.
ഗ്രാമത്തിലെ ഓരോ വ്യക്തിയെയും പ്രത്യേകിച്ച് സ്ത്രീകളെ സ്വാശ്രയ ഗ്രൂപ്പുകളിലൂടെ സ്വയം പര്യാപ്തമാക്കുന്നതിലും അവരെ ആത്മാഭിമാനത്തോടെ ജീവിക്കുന്നതിനും നബാര്‍ഡ് സഹായിക്കുന്നു. പുനര്‍വായ്പ, മൂലധന രൂപീകരണം എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ നബാര്‍ഡ് വിജയകരമായി നടത്തുന്നുണ്ട്.
മൂലധന രൂപീകരണത്തിനായി നബാര്‍ഡ് മുഖേന ഇതുവരെ എട്ട് ലക്ഷം കോടി രൂപ ഗ്രാമീണ സമ്പദ്വ്യവസ്ഥയിലേക്ക് നിക്ഷേപിച്ചിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. കാര്‍ഷിക മേഖലയുടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഗ്രാമീണ കാര്‍ഷിക സമ്പദ്വ്യവസ്ഥയില്‍ 12 ലക്ഷം കോടി രൂപ നബാര്‍ഡ് പുനര്‍ധനസഹായം നല്‍കിയതായി അദ്ദേഹം പറഞ്ഞു.42 വര്‍ഷം കൊണ്ട് 14 ശതമാനം വളര്‍ച്ചയോടെ ഗ്രാമീണ സമ്പദ്വ്യവസ്ഥയില്‍ 20 ലക്ഷം കോടി രൂപ പുനര്‍ധനസഹായം ചെയ്യാനുള്ള പ്രവര്‍ത്തനമാണ് നബാര്‍ഡ് നടത്തിയത്.
ഒരു കോടി സ്വയം സഹായ സംഘങ്ങള്‍ക്ക് നബാര്‍ഡ് സാമ്പത്തിക സഹായം നല്‍കിയതായി സഹകരണ മന്ത്രി പറഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും വലിയ മൈക്രോഫിനാന്‍സിംഗ് പദ്ധതിയാണിതെന്നും നബാര്‍ഡിലൂടെയാണ് രാജ്യം ഈ നേട്ടം കൈവരിച്ചതെന്നും അമിത് ഷാ പറഞ്ഞു.
Discussion about this post