ഡെറാഡൂൺ: കേദാർനാഥ് ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോണും ഫോട്ടോഗ്രാഫിയും നിരോധിച്ചു. ക്ഷേത്രപരിസരത്ത് ചില തീർത്ഥാടകർ അപമര്യാദയോടെ പെരുമാറിയെന്ന പരാതിയെ തുടർന്നാണ് ക്ഷേത്ര കമ്മിറ്റി വിലക്ക് ഏർപ്പെടുത്തിയത്. അടുത്തിടെ ഒരു സ്ത്രീ ക്ഷേത്ര പരിസരത്ത് കാമുകനോട് വിവാഹാഭ്യർത്ഥന നടത്തുന്ന വീഡിയോ പകർത്തുകയും ഇത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് വലിയ പ്രചാരം നേടുകയും ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ വിമർശനങ്ങൾ ശക്തമായതിന്റെ പശ്ചാത്തലത്തിലാണ് ക്ഷേത്ര ഭാരവാഹികളുടെ നടപടി.
പുതിയ ഉത്തരവിന്റെ ഭാഗമായി ബദരീനാഥ്-കേദാർനാഥ് ക്ഷേത്രപരിസരത്ത് മൊബൈൽ ഫോണുമായി പ്രവേശിക്കുന്നതിനെ വിലക്കുന്ന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ക്ഷേത്രത്തിനുള്ളിൽ ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും പൂർണമായും നിരോധിച്ചതായി കമ്മിറ്റിയംഗങ്ങൾ അറിയിച്ചു. ക്ഷേത്ര പരിസരത്ത് വീഡിയോകളോ റീലുകളോ ചിത്രീകരിക്കുന്നത് ക്ഷേത്രത്തിലെ അന്തരീക്ഷത്തിന് യോജിച്ചതല്ലെന്നതിനാൽ ഇത്തരം വീഡിയോകൾ എടുക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ക്ഷേത്ര കമ്മിറ്റി പോലീസിനോട് ആവശ്യപ്പെട്ടു.
ക്ഷേത്രപരിസരത്ത് കൂടാരങ്ങളോ ക്യാമ്പുകളോ സ്ഥാപിക്കാൻ അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. ഉത്തരവ് പാലിക്കാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് അജേന്ദ്ര അജയ് പറഞ്ഞു. ബദരീനാഥ് ധാമിൽ നിന്ന് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെങ്കിലും അത്തരം ബോർഡുകൾ അവിടെയും സ്ഥാപിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post