ഗാസിപൂര്‍(ഉത്തര്‍പ്രദേശ്): സമാജത്തിന് വേണ്ടി നല്ലത് ചിന്തിക്കുകയും നന്മകള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ് ശിവാരാധനയെന്ന് ആര്‍എസ്എസ് സര്‍സംഘചാലക്. ലോകത്തിന് മാതൃകയായി ഭാരതം മാറണമെങ്കില്‍ ഈ ശിവാരാധന ഓരോ വ്യക്തിയും കൈക്കൊള്ളണം. ഈ രാഷ്ട്രമാകെ ഭാരതമാതാവിന്റെ ക്ഷേത്രമെന്ന് തിരിച്ചറിഞ്ഞ് സേവിക്കണം, അദ്ദേഹം പറഞ്ഞു. ജഖാനിയയിലെ ഹാത്തിയറാം സിദ്ധപീഠത്തില്‍ നവഗ്രഹ പൂജ നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
3000 വര്‍ഷം മുമ്പ് വരെ ഭാരതം വിശ്വഗുരുവായിരുന്നു. ലോകത്തിനാകെ അറിവ് പകര്‍ന്ന ജ്ഞാനശിവനാണ് ഭാരതം. ഭൗതികസമൃദ്ധിയിലും ത്യാഗം ജീവിതമാക്കിയ ശിവരൂപികളാണ് ഭാരതീയര്‍. ഭാരതം ലോകത്തിന് പകര്‍ന്നത് ആത്മീയതയുടെ ശാസ്ത്രമാണെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു.
മനുഷ്യനിലും പരമാത്മാവിലും ഒരേ ആത്മാവാണ് കുടികൊള്ളുന്നതെന്ന ദര്‍ശനം ലോകത്തിന് പകരുന്നത് ഭാരതമാണ്. ഭൗതികതയില്‍ മുഴുകിയ ലോകം ഇന്ന് ദാഹിക്കുന്നത് ഈ ആത്മീയഭാവത്തിനായാണ്. അവനവനിലാണ് പരമമായ സന്തോഷമെന്ന് അറിയുന്നതുവരെയാണ് ലോകം ഭൗതികതയില്‍ ആനന്ദം തെരയുന്നത്. ഒരിക്കലും വറ്റാത്ത സന്തോഷമാണ് ആത്മീയതയില്‍ നിന്ന് ലഭിക്കുക. ഈ തത്വത്തിലൂടെയാണ് ഭാരതം ലോകത്തെ ആനന്ദത്തിലേക്ക് നയിക്കുന്നതെന്ന് സര്‍സംഘചാലക് ഓര്‍മ്മിപ്പിച്ചു.
ശാസ്ത്രമില്ലാതെ ആത്മീയതയും ആത്മീയതയില്ലാതെ ശാസ്ത്രവുമില്ല. സൗകര്യങ്ങള്‍ കൂടുന്തോറും അതൃപ്തി വര്‍ധിക്കുന്നു. പ്രകൃതിയുടെ സംരക്ഷണം എന്നതാണ് സമൂഹത്തിന്റെയും സംരക്ഷണമെന്ന് സര്‍സംഘചാലക് ഓര്‍മ്മിപ്പിച്ചു.സിദ്ധപീഠത്തില്‍ സ്ഥാപിക്കുന്ന നവഗ്രഹ ഉദ്യാനത്തില്‍ പതിനൊന്ന് വിശിഷ്ട വൃക്ഷത്തൈകള്‍ അദ്ദേഹം നട്ടു.
വാരാണസിയില്‍ നാളെ ചേരുന്ന ക്ഷേത്രസമിതികളുടെ അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായാണ് സര്‍സംഘചാലക് മോഹന്‍ഭാഗവത് ഹാത്തിയാറാം സിദ്ധപീഠത്തിലെത്തിയത്. മഠാധിപതി മഹാമണ്ഡലേശ്വര്‍ ഭവാനി നന്ദന്‍യതി സര്‍സംഘചാലകിന് പൂക്കള്‍ നല്കി സ്വീകരിച്ചു. സംന്യാസിശ്രേഷ്ഠരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. മഠത്തിലെ ചാതുര്‍മാസ ചടങ്ങുകളില്‍ അദ്ദേഹം പങ്കെടുത്തു.
മിര്‍സാപൂരിലെ സക്തേഷ്ഗഡിലെ അദ്ഗദാനന്ദ് മഹാരാജിന്റെ ആശ്രമത്തിലും അമരാവതിയിലെ ഹന്‍സ്ബാബ ആശ്രമത്തിലും അദ്ദേഹം സന്ദര്‍ശിച്ചു. നാളെ വാരണാസിയിലെ രുദ്രാക്ഷ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ടെംപിള്‍സ് കണ്‍വെന്‍ഷന്റെയും എക്സ്പോയുടെയും ഉദ്ഘാടനസഭയില്‍ അദ്ദേഹം മുഖ്യാതിഥിയാകും. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ക്ഷേത്രങ്ങളിലെ പ്രതിനിധികള്‍, പ്രധാന പൂജാരിമാര്‍, ഭരണസമിതി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും
Discussion about this post