ന്യൂദല്‍ഹി: എസി ഓണാക്കാത്തതിന് മകന് അമ്മയെ അടിച്ചുകൊന്നു. ദല്‍ഹിയിലെ സബ്സി മാണ്ഡിയിലാണ് സംഭവം. ഘണ്ടാഘര്‍ ഷോരാകോത്തിയില് ഇന്ദുവിനെയാണ് മകന് ദീപക്(29) വടി കൊണ്ട് അടിച്ചുകൊന്നത്. കൊലപാതകം നടത്തിയതിന് ശേഷം മൃതദേഹം അടുത്ത മുറിയിലേക്ക് മാറ്റിയിട്ട് ഇയാള്‍ എസി ഓണാക്കി ആറ് മണിക്കൂര്‍ ഉറങ്ങിയെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (നോര്‍ത്ത്) സാഗര്‍ സിങ് കല്‍സി പറഞ്ഞു.
അടുത്ത വീട്ടില്‍ താമസിക്കുന്ന സഹോദരിയാണ് അമ്മയെ മരിച്ച നിലയില്‍ കണ്ടതിനെത്തുടര്‍ന്ന് പോലീസിനെ വിവരം അറിയിച്ചത്. പോലീസ് എത്തുന്നതറിഞ്ഞ് ദീപക് വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെട്ടെങ്കിലും രണ്ട് മണിക്കൂറിനുള്ളില്‍ ഇയാളെ പിടികൂടിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇയാള്‍ മദ്യപാനിയാണെന്നും വീട് വില്ക്കാന് വിസമ്മതിച്ചതുള്പ്പെടെയുള്ള നിസ്സാര പ്രശ്നങ്ങളുടെ പേരില്‍ അമ്മയെ മര്‍ദിക്കുന്നത് പതിവായിരുന്നെന്നും പോലീസ് പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച വടിയും ദീപക് ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രങ്ങളും പിടിച്ചെടുത്തു.
Discussion about this post