ന്യൂദല്‍ഹി: മികച്ച വിദ്യാലയങ്ങള്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പിഎംശ്രീ പദ്ധതി പ്രകാരം 6207 സ്‌കൂളുകള്‍ക്ക് ആദ്യഗഡുവായി 630 കോടി രൂപ കേന്ദ്രം അനുവദിച്ചു. പുതിയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് ദല്‍ഹിയില്‍ സംഘടിപ്പിച്ച അഖില ഭാരതീയ ശിക്ഷാ സമാഗമത്തില്‍ (അഖിലേന്ത്യ വിദ്യാഭ്യാസ സമ്മേളനം) പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തുക അനുവദിച്ച കാര്യം പ്രഖ്യാപിച്ചത്. 12 ഇന്ത്യന്‍ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയ വിദ്യാഭ്യാസ-നൈപുണ്യ പാഠ്യപദ്ധതി പുസ്തകങ്ങളും പ്രകാശനം ചെയ്തു.
കാശിയിലെ രുദ്രാക്ഷം മുതല്‍ ആധുനിക ഭാരത മണ്ഡപം വരെ, പൗരാണികവും ആധുനികവും സമന്വയിപ്പിച്ചുള്ള അഖിലേന്ത്യ വിദ്യാഭ്യാസ സമ്മേളനത്തിന്റെ യാത്രയില്‍ മറഞ്ഞിരിക്കുന്ന സന്ദേശമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരു വശത്ത്, ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായം നാടിന്റെ പൗരാണിക പാരമ്പര്യങ്ങള്‍ കാത്തുസൂക്ഷിക്കുമ്പോള്‍ മറുവശത്ത്, രാഷ്ട്രം ശാസ്ത്രസാങ്കേതിക രംഗത്ത് അതിവേഗം മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു.
21ാം നൂറ്റാണ്ടിലെ ഇന്ത്യ നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന് വലിയ പങ്കുണ്ട്.’ദേശീയ വിദ്യാഭ്യാസ നയത്തില്‍ പരമ്പരാഗത അറിവുകള്‍ക്കും ഭാവി സാങ്കേതികവിദ്യകള്‍ക്കും തുല്യപ്രാധാന്യം നല്‍കിയിട്ടുണ്ട്’. മാതൃഭാഷയിലുള്ള വിദ്യാഭ്യാസം ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ക്ക് നീതിയുടെ പുതിയ രൂപത്തിന് തുടക്കമിടുന്നു. സാമൂഹ്യനീതിയിലേക്കുള്ള വളരെ പ്രധാനപ്പെട്ട ചുവടുവയ്പു കൂടിയാണിത്.വിദ്യാര്‍ഥികള്‍ ഒരു ഭാഷയില്‍ ആത്മവിശ്വാസമുള്ളവരാകുമ്പോള്‍, അവരുടെ വൈദഗ്ധ്യവും പ്രതിഭയും നിയന്ത്രണമേതുമില്ലാതെ ഉയര്‍ന്നുവരും’.
അമൃതകാലത്തിന്റെ അടുത്ത 25 വര്‍ഷത്തിനുള്ളില്‍ നമുക്ക് ഊര്‍ജസ്വലമായ പുതിയ തലമുറയെ വാര്‍ത്തെടുക്കേണ്ടതുണ്ട്. അടിമത്തമനോഭാവത്തില്‍ നിന്ന് മുക്തമായതും പുതുമകള്‍ക്കായി താല്‍പ്പര്യപ്പെടുന്നവരും കര്‍ത്തവ്യബോധമുള്ളവരുമായ തലമുറയെയാണത്.വിദ്യാഭ്യാസത്തിലെ സമത്വം അര്‍ഥമാക്കുന്നത് സ്ഥലമോ വര്‍ഗമോ പ്രദേശമോ കാരണം ഒരു കുട്ടിക്കും വിദ്യാഭ്യാസം നഷ്ടപ്പെടുന്നില്ല എന്നാണ്.
5ജി യുഗത്തില്‍, പിഎംശ്രീ സ്‌കൂളുകള്‍ ആധുനിക വിദ്യാഭ്യാസത്തിന്റെ മാധ്യമമാകും. സാന്‍സിബാറിലും അബുദാബിയിലും ഐഐടി ക്യാമ്പസുകള്‍ തുറന്നു. മറ്റ് പല രാജ്യങ്ങളും തങ്ങളുടെ രാജ്യങ്ങളില്‍ ഐഐടി ക്യാമ്പസുകള്‍ തുറക്കാന്‍ ആവശ്യപ്പെടുകയാണ്. പ്രധാനമന്ത്രി പറഞ്ഞു
ചടങ്ങില്‍ ഒരുക്കിയ പ്രദര്‍ശനം പ്രധാനമന്ത്രി സന്ദര്‍ശിച്ചു. കുട്ടികളുടെ കണ്ടെത്തലുകളായിരുന്നു പ്രദര്‍ശനത്തില്‍. ഓരോ കുട്ടിയുടെയും അടുത്തുചെന്ന് അവരുടെ വിശദീകരണങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വം പ്രധാനമന്ത്രി കേട്ടു. സമാഗമത്തിന്റെ ഭാഗമായുള്ള ബാലവാടികയിലും സമയം ചെലവഴിച്ചു.
‘നിഷ്‌കളങ്കരായ കുട്ടികളോടൊപ്പം സന്തോഷത്തിന്റെ ഏതാനും നിമിഷങ്ങള്‍! അവരുടെ ഊര്‍ജ്ജവും ഉത്സാഹവും ഹൃദയത്തില്‍ ആവേശം നിറയ്ക്കുന്നു.’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
Discussion about this post