ന്യൂദൽഹി: അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാ സംഘ് (എ ബി ആർ എസ് എം) രാജ്യവ്യാപകമായി നടത്തുന്ന കാമ്പയിനിൻ്റെ ഭാഗമായി ദേശീയ അധ്യാപക പരിഷത്ത് (എൻ ടി യു) പ്രതിനിധികൾ കേന്ദ്ര മന്ത്രിമാരെയും എം പി മാരെയും കണ്ട് നിവേദനം നൽകി. രാജ്യത്താകെയുള്ള അധ്യാപകർക്ക് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതി പുന:സ്ഥാപിച്ചു നൽകുക, അധ്യാപകരെ മറ്റ് ജോലികൾക്ക് നിയോഗിക്കുന്നത് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ശൈക്ഷിക് മഹാസംഘ് ദേശവ്യാപകമായി നടത്തുന്ന പ്രചാരണത്തിന് പാർലമെൻ്റംഗങ്ങളുടെയും മന്ത്രിമാരുടെയും പിന്തുണ തേടിയാണ് പ്രതിനിധികളുടെ ദൽഹി സന്ദർശനം.
കേന്ദ്രമന്ത്രിമാരായ വി മുരളീധരൻ, രാജീവ് ചന്ദ്രശേഖർ, എം പിമാരായ ഹൈബി ഈഡൻ, എ എ റഹിം, പി ടി ഉഷ, ജമ്മു കാശ്മീരിൽ നിന്നുള്ള എം പി ഗുലാം അലി എന്നിവർക്കാണ് പാർലമെൻ്റിലെത്തി എൻ ടി യു സംഘം നിവേദനം നൽകിയത്. സംസ്ഥാന പ്രസിഡണ്ട് പി എസ് ഗോപകുമാർ, സെക്രട്ടറി എ ജെ ശ്രീനി എന്നിവരാണ് എൻ ടി യു വിനെ പ്രതിനിധീകരിച്ച് ദൽഹിയിലെത്തിയത്. കേരളത്തിൽ അധ്യാപകർക്ക് ദീർഘകാലമായി ക്ഷാമബത്ത നിഷേധിക്കുന്നത് സംബന്ധിച്ചും ഉച്ചഭക്ഷണച്ചെലവ് വർധിപ്പിക്കാത്തത് സംബന്ധിച്ചും കേന്ദ്രമന്ത്രിമാരെ ധരിപ്പിച്ചു. അധ്യാപകരെ സംബന്ധിച്ച പ്രശ്നങ്ങൾ കേന്ദ്ര മന്ത്രിമാരും എം പി മാരും സശ്രദ്ധം കേൾക്കുകയും അനുകൂല സമീപനം ഉണ്ടാകുമെന്നറിയിക്കുകയും ചെയ്തു.
Discussion about this post