ഭോപാല്‍: ഭേദം മറന്ന് ഹിന്ദുസമൂഹം ജാതിക്ക് അതീതമായി ഒന്നിക്കണമെന്ന ആഹ്വാനവുമായി മധ്യപ്രദേശില്‍ സംന്യാസിമാരുടെ ഗ്രാമസന്ദര്‍ശന പരിപാടികള്‍ക്ക് തുടക്കമായി. സ്‌നേഹയാത്ര എന്ന പേരിലാണ് വിവിധ സമ്പ്രദായങ്ങളില്‍പെട്ട സംന്യാസിമാരും മഠാധിപതികളും ഗ്രാമസന്ദര്‍ശനം നടത്തുന്നത്. മധ്യപ്രദേശ് ജന്‍ അഭിയാന്‍ പരിഷത്തിന്റെ നേതൃത്വത്തിലാണ് സ്‌നേഹയാത്ര നടക്കുന്നത്.
കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ 52 ജില്ലകളിലും ആരംഭിച്ച യാത്ര 26ന് സമാപിക്കും. 1969 ഡിസംബര്‍ 14ന് ആര്‍എസ്എസ് സര്‍സംഘചാലക് ശ്രീഗുരുജി ഗോള്‍വല്‍ക്കറിന്റെയും ആചാര്യന്മാരുടെയും നേതൃത്വത്തില്‍ ഉടുപ്പിയില്‍ നടത്തിയ സമരസതാ ആഹ്വാനത്തെ സാമാജിക തലത്തില്‍ ഉറപ്പിക്കുകയാണ് സംന്യാസി യാത്രയുടെ ലക്ഷ്യമെന്ന് സംഘാടകര്‍ പറഞ്ഞു.
ഗ്രാമങ്ങളില്‍ എല്ലാ ജാതിവിഭാഗങ്ങളിലും പെട്ട ആളുകള്‍ ഒരുമിച്ചുചേര്‍ന്നാണ് യാത്രയെ വരവേല്ക്കുന്നത്. ഭഗവത് കഥാ പ്രവചനവും ഗ്രാമീണ ഏകതയെക്കുറിച്ചുള്ള സന്ദേശവും യാത്രയുടെ ഭാഗമായി ആചാര്യന്മാര്‍ നല്കും.
എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും പരസ്പരം രാഖി ബന്ധിച്ച് തിലകം തൊട്ട് നമ്മള്‍ സഹോദരര്‍ എന്ന് പ്രതിജ്ഞ എടുക്കുകയും ചെയ്യും. സമാനതയുടെ പാതയില്‍ സമാജത്തില്‍ ഹിന്ദുത്വത്തെ ഉറപ്പിക്കുന്നതിന് ശങ്കരാചാര്യര്‍ മുതലുള്ള ആചാര്യന്മാര്‍ മുന്നോട്ടുവച്ച ആശയങ്ങളെ ഓരോ വ്യക്തിയിലേക്കും എത്തിക്കുക എന്നതാണ് സ്‌നേഹയാത്ര ചെയ്യുന്നതെന്ന് സംന്യാസിമാര്‍ ചൂണ്ടിക്കാട്ടി.
Discussion about this post