ന്യൂദല്‍ഹി: സുപ്രധാന നാഴികക്കല്ല് പിന്നിട്ട് ജന്‍ധന്‍യോജന. ബാങ്കുകള്‍ സമര്‍പ്പിച്ച ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2023 ആഗസ്ത് 9 വരെ രാജ്യത്താകെ ജന്‍ധന്‍ അക്കൗണ്ടുകളുടെ എണ്ണം 50 കോടി കവിഞ്ഞു. ഇതില്‍ 56 ശതമാനം അക്കൗണ്ടുകളും സ്ത്രീകളുടേതാണ്. 67 ശതമാനം അക്കൗണ്ടുകള്‍ ഗ്രാമീണ മേഖലയിലും.
അക്കൗണ്ടുകളുടെ എണ്ണത്തില്‍ 50 കോടി കടന്ന ജന്‍ധന്‍ യോജനയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു. ഗ്രാമങ്ങളിലെയും അര്‍ധനഗരമേഖലകളിലെയും അക്കൗണ്ടുകളുടെ എണ്ണം സൂചിപ്പിക്കുന്നത് രാജ്യത്തിന്റെ എല്ലാ കോണുകളിലും സാമ്പത്തിക ഉള്‍പ്പെടുത്തലിന്റെ നേട്ടങ്ങള്‍ എത്തിച്ചേര്‍ന്നു എന്നാണെന്ന് പ്രധാനമന്ത്രി എക്‌സ് ല്‍ കുറിച്ചു.
2014ല്‍ ആരംഭിച്ച പദ്ധതിപ്രകാരം ഈ അക്കൗണ്ടുകളില്‍ 2.03 ലക്ഷം കോടി രൂപയും ഏകദേശം 34 കോടി റുപേ കാര്‍ഡുകളും സൗജന്യമായി നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി ജന്‍ധന്‍യോജന അക്കൗണ്ടുകളിലെ ശരാശരി ബാലന്‍സ് 4,076 രൂപയാണ്. 5.5 കോടിയിലധികം ജന്‍ധന്‍ അക്കൗണ്ടുകള്‍ക്ക് ഡെബിറ്റ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് പിഐബി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
അക്കൗണ്ട് ഉടമകള്‍ക്ക് മിനിമം ബാലന്‍സ് ആവശ്യമില്ലാത്ത ബാങ്ക് അക്കൗണ്ട്, രണ്ട് ലക്ഷം രൂപയുടെ ഇന്‍ബില്‍റ്റ് ആക്സിഡന്റ് ഇന്‍ഷുറന്‍സുള്ള റുപേ ഡെബിറ്റ് കാര്‍ഡുകള്‍, പതിനായിരം ടെ ഓവര്‍ഡ്രാഫ്റ്റ് സൗകര്യം എന്നിങ്ങനെ ഒന്നിലധികം ആനുകൂല്യങ്ങള്‍ യോജന വാഗ്ദാനം ചെയ്യുന്നു.
Discussion about this post