ഹരിദ്വാര്‍: ശ്രീരാമജന്മഭൂമി രാംലല്ലാ ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്കായി അഖാഡ പരിഷത്തിലെയും സന്ത് സമാജത്തിലെയും ആചാര്യന്മാരെ നേരിട്ട് ക്ഷണിച്ച് ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ്. ഇതിനായി ഹരിദ്വാറിലെത്തിയ അദ്ദേഹത്തെ അഖാഡ പരിഷത്ത് അദ്ധ്യക്ഷന്‍ മഹന്ത് ശ്രീരവീന്ദ്രപുരിയുടെ നേതൃത്വത്തില്‍ സംന്യാസിമാര്‍ സ്വീകരിച്ചു.
ലോകത്തിലെമ്പാടുമുള്ളവരെത്തിച്ചേരുന്ന ഏറ്റവും വലിയ നിത്യതീര്‍ത്ഥാടനകേന്ദ്രമായി അയോധ്യ മാറണമെന്ന് സംന്യാസിമാര്‍ പറഞ്ഞു. വിശ്വഹിന്ദു പരിഷത്ത് ഈ ദിശയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും രാമജന്മഭൂമിയിലേക്കുള്ള ക്ഷണം തന്നെ അനുഗ്രഹമാണെന്നും മഹന്ത് ശ്രീരവീന്ദ്രപുരി പറഞ്ഞു.
അയോധ്യയില്‍ ശ്രീരാമമന്ദിരത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണെന്ന് ചമ്പത് റായ് സന്ത് സമാജം ഭാരവാഹികളെ അറിയിച്ചു. രാംലല്ലയുടെ ഭവ്യപ്രതിഷ്ഠയ്ക്കുള്ള മുഹൂര്‍ത്തം നിര്‍ണയിക്കേണ്ടതുണ്ട്. പ്രതിഷ്ഠാകര്‍മ്മങ്ങള്‍ക്കു പിന്നാലെ നടത്തേണ്ട ചടങ്ങുകളെപ്പറ്റി ആചാര്യന്മാര്‍ തീരുമാനം എടുക്കണം.
2024 ജനുവരി 14 മുതല്‍ 26 വരെ അഖാഡപരിഷത്തിലെയും സന്ത് സമാജത്തിലെയും സംന്യാസിശ്രേഷ്ഠര്‍ ശ്രീരാമജന്മഭൂമിയിലുണ്ടാകണമെന്ന് ചമ്പത് റായ് അഭ്യര്‍ത്ഥിച്ചു.
Discussion about this post