ശ്രീനഗര്‍: സ്വാതന്ത്ര്യദിന പരിപാടികളില്‍ പങ്കെടുക്കാത്ത മുഴുവന്‍ സര്‍ക്കാരുദ്യോഗസ്ഥരോടും വിശദീകരണം തേടി ജമ്മുകശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. ന്യായമായ ആവശ്യങ്ങളില്ലാതെ പരിപാടികളില്‍ നിന്ന് ഒഴിഞ്ഞുനിന്നവര്‍ അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി.
സ്വാതന്ത്ര്യദിന ചടങ്ങില്‍ പങ്കെടുക്കാത്ത ജീവനക്കാരുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചുകൊണ്ട് കശ്മീര്‍, ജമ്മു ഡിവിഷണല്‍ കമ്മീഷണര്‍മാര്‍ക്ക് റവന്യൂ ഫിനാന്‍ഷ്യല്‍ കമ്മിഷണര്‍ പവന്‍ കോട്വാള്‍ സര്‍ക്കുലര്‍ നല്കി. ദേശീയപതാക ഉയര്‍ത്തല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ ഉദ്യോഗസ്ഥരോടും ജീവനക്കാരോടും ഭരണകൂടം ആവശ്യപ്പെട്ടിരുന്നു.
‘അസാധാരണമായ സാഹചര്യങ്ങളിലല്ലാതെ 2023 ലെ സ്വാതന്ത്ര്യ ദിനത്തില്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരനും അവധി ലഭിക്കില്ല, എന്നായിരുന്നു സര്‍ക്കുലര്‍. ജമ്മുകശ്മീരില്‍ 42,879 സ്വാതന്ത്ര്യദിന ചടങ്ങുകളാണ് നടന്നത്. ശ്രീനഗറിലെ ബക്ഷി സ്റ്റേഡിയത്തില്‍ നടന്ന പ്രധാന പരിപാടിയില്‍ 10,000 പേര്‍ സന്നിഹിതരായിരുന്നു, ജമ്മുവിലെ എംഎ സ്റ്റേഡിയത്തില്‍ 11,000 പേരുടെ ഹാജര്‍ രേഖപ്പെടുത്തി. ജമ്മു മേഖലയില്‍ 23,163 സ്വാതന്ത്ര്യദിനചടങ്ങുകളില്‍ 19,76,255 പേരും കശ്മീരില്‍ 19,716 പരിപാടികളില്‍ 17,08,851 പേരും പങ്കെടുത്തുവെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു.
Discussion about this post