ന്യൂഡൽഹി: ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ലോക രാഷ്‌ട്രത്തലവന്മാർ ഇന്ന് ഇന്ത്യയിലെത്തും. ഇന്ന് വൈകിട്ട് ഏഴ് മണിയോടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഡൽഹിയിലെത്തുമെന്നാണ് റിപ്പോർട്ട്. എയർഫോഴ്‌സ് വൺ വിമാനത്തിലെത്തുന്ന ബൈഡനെ പാലം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൈകിട്ട് കേന്ദ്രസഹമന്ത്രി വികെ സിംഗ് സ്വീകരിക്കും. ഇതിന് ശേഷമാകും പ്രധാനമന്ത്രി നരേന്ദ്രമോദിയും ബൈഡനും ഉഭയകക്ഷി ചർച്ച നടത്തുക.
അമേരിക്കൻ പ്രസിഡന്റായതിന് ശേഷം ആദ്യമായാണ് ബൈഡൻ ഇന്ത്യയിലേക്കെത്തുന്നത്. ഉച്ചയോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കും മറ്റ് നേതാക്കളും എത്തിയേക്കും. നാളെയാണ് ജി20 ഉച്ചകോടി രാജ്യതലസ്ഥാനത്ത് നടക്കുക. ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ, ഓസ്ട്രേലിയ പ്രധാനമന്ത്രി ആന്തണി ആൽബനിസ്, സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ എന്നിവരും യോഗത്തിൽ സന്നിഹിതരായിരിക്കും.
ജി20 ഉച്ചകോടിയോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് തലസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് റിഹേഴ്‌സലുകളും കഴിഞ്ഞ ദിവസം പൂർത്തിയാക്കിയിരുന്നു. കൂടാതെ ഡൽഹിയിലെ ഹോട്ടലുകളും ഇവർക്കായുള്ള താമസസൗകര്യം ഒരുക്കി സജ്ജമായി കഴിഞ്ഞു.
Discussion about this post