ന്യൂദല്‍ഹി: റഷ്യ- ഉക്രൈന്‍ യുദ്ധത്തിന് പരിഹാരമുണ്ടാകണമെന്ന് ജി20 ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനം. ആണവായുധങ്ങള്‍ പ്രയോഗിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും നേതാക്കളുടെ പ്രഖ്യാപനം എന്ന സംയുക്തപ്രസ്താവനയില്‍ വ്യക്തമാക്കി.കോവിഡിനു ശേഷമുള്ള മനുഷ്യദുരിതം കൂട്ടാന്‍ ഉക്രൈന്‍ യുദ്ധം ഇടയാക്കി സംയുക്ത പ്രഖ്യാപനത്തില്‍ പറയുന്നു.
റഷ്യ അധിനിവേശം നടത്തി എന്ന് രേഖയില്‍ വേണമെന്നായിരുന്നു പാശ്ചാത്യരാജ്യങ്ങളുടെ നിലപാട്. സംയുക്തപ്രഖ്യാപനത്തില്‍ ഇത്തരം പരാമര്‍ശം പാടില്ലെന്നായിരുന്നു റഷ്യയുടേയും ചൈനയുടേയും ആവശ്യം. ഭാരതത്തിന്റെ ഫലപ്രദമായ ഇടപെടല്‍ വഴി ഈ പ്രശ്‌നത്തിനും പരിഹാരമായി. സമവായമുണ്ടാക്കാനുള്ള ഭാരതത്തിന്റെ ശ്രമം വിജയിച്ചു. പലതവണ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് സമവായമുണ്ടായത്.
‘രാജ്യാന്തര നിയമത്തിന്റെ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെടുന്നു. സംഘര്‍ഷങ്ങളില്‍ സമാധാനപരമായ പരിഹാരം, പ്രതിസന്ധികള്‍ പരിഹരിക്കാനുള്ള ശ്രമം, നയതന്ത്രം, ചര്‍ച്ച എന്നിവ പ്രധാനമാണ്. ആഗോള സമ്പദ്്യവസ്ഥയില്‍ യുദ്ധമുണ്ടാക്കിയ ആഘാതം പരിഹരിക്കാനുള്ള ശ്രമത്തില്‍ ഒന്നിക്കുകയും ഉക്രൈനില്‍ സമഗ്രവും നീതിപൂര്‍വവും ശാശ്വതവുമായ സമാധാനത്തെ പിന്തുണയ്‌ക്കുന്ന പ്രസക്തവും ക്രിയാത്മകവുമായ നടപടികളെ സ്വാഗതവും ചെയ്യും. ഇന്നത്തെ കാലഘട്ടം യുദ്ധത്തിന്റേതല്ല” സംയുക്ത പ്രഖ്യാപനത്തില്‍ പറയുന്നു.
കോവിഡിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധികളില്‍നിന്ന് കരകയറാന്‍ ശ്രമിക്കുന്ന, വിശേഷിച്ച് വികസ്വര രാജ്യങ്ങളേയും വികസിത രാജ്യങ്ങളേയും യുദ്ധം മോശമായി ബാധിച്ചുവെന്ന് പ്രസ്താവനയിലുണ്ട്. ആഗോള ഭക്ഷ്യ- ഊര്‍ജ്ജ സുരക്ഷ, വിതരണ ശൃംഖല, മാക്രോ ഫിനാന്‍ഷ്യല്‍ സ്ഥിരത, പണപ്പെരുപ്പം, വളര്‍ച്ച എന്നിവയുമായി ബന്ധപ്പെട്ട് യുദ്ധം കഷ്ടപ്പാടുകളും പ്രത്യാഘാതങ്ങളും ഉണ്ടാക്കിയിരിക്കുന്നുവെന്നും പ്രഖ്യാപനത്തില്‍ പറയുന്നു.
Discussion about this post