പാനിപ്പത്ത്(ഹരിയാന): ജമ്മു കശ്മീരിലെ അനന്തനാഗില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മേജര്‍ ആശിഷ് ധോന്‍ചക്കിനും കേണല്‍ മന്‍പ്രീത് സിങ്ങിനും ജന്മനാറെ യാത്രാമൊഴി. പാനിപ്പത്ത് നഗരത്തെ സ്തംഭിപ്പിച്ച ജനാവലിയാണ് ധോന്‍ചക്കിന് യാത്രാമൊഴിയേകാന്‍ തടിച്ചുകൂടിയത്. ‘ജബ് തക് സൂരജ് ചാന്ദ് രഹേഗാ, ആശിഷ് തേരാ നാം രഹേഗാ’ എന്ന മുദ്രാവാക്യം മുഴക്കി സ്ത്രീകളും കുട്ടികളുമടക്കമുള്ള ജനങ്ങള്‍ അദ്ദേഹത്തിന് വിട ചൊല്ലി.
ഇന്നലെ രാവിലെ പാനിപ്പത്ത് ടൗണിലെ വാടകവീട്ടില്‍ നിന്ന് ഭൗതിക ശരീരം സൈനിക വാഹനത്തില്‍ ജന്മനാടായ ബിഞ്ചോള്‍ ഗ്രാമത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. നഗരത്തില്‍ നിന്ന് ആറ് കിലോമീറ്റര്‍ മാത്രം അകലെയുള്ള ബിഞ്ചോളിലേക്ക് വിലാപയാത്ര എത്താന്‍ നാല് മണിക്കൂറിലേറെ വേണ്ടിവന്നു.
മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും ഗ്രാമവാസികളും സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. ഒക്ടോബറില്‍ പാനിപ്പത്തിലെ പുതിയ വീട്ടിലേക്ക് മാറാന്‍ ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് മേജര്‍ ധോന്‍ചക്കിന്റെ ബലിദാനം.
അദ്ദേഹത്തെ ഞങ്ങളുടെയിടയിലേക്ക് നായകനായി വരുമെന്നും ഞങ്ങള്‍ക്കൊപ്പം കഴിയുമെന്നും കാത്തിരുന്നു. നായകനായാണ് വന്നത്. പക്ഷേ തിരംഗയില്‍ പൊതിഞ്ഞായിരിക്കും വരവെന്ന് കരുതിയിരുന്നില്ല, അയല്‍വാസികള്‍ പറയുന്നു. ഭാര്യയും രണ്ട് വയസുള്ള മകളും മൂന്ന് സഹോദരിമാരും അടങ്ങുന്നതാണ് ധോന്‍ചക്കിന്റെ കുടുംബം.
കേണല്‍ മന്‍പ്രീത് സിങ്ങിന്റെ ജന്മനാടായ മൊഹാലിയിലും സമാനമായിരുന്നു അന്തരീക്ഷം. സ്‌കൂള്‍ കുട്ടികളടക്കം ആയിരങ്ങളാണ് അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാനായി പാതയോരത്ത് തടിച്ചുകൂടിയത്.
Discussion about this post