ലക്‌നൗ: ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്റെ സതാനത ധർമ്മത്തിനെതിയുള്ള പരമാർശത്തിൽ പ്രതിഷേധം കനക്കുന്നതിനിടെ രൂക്ഷ വിമർശനവുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. സനാതന ധർമ്മം ശാശ്വതമാണെന്നും ലോകത്തെ ഒരു ശക്തിക്കും അതിനെ നശിപ്പിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ലക്‌നൗവിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിംഗ്.
‘ഡിഎംകെ നേതാക്കളുടെ പ്രസ്താവനകൾ വളരെ നിർഭാഗ്യകരമാണ്. ലോകം ഒരു കുടുംബമാണ് എന്ന സന്ദേശമാണ് സനാതന ധർമ്മം പകരുന്നത്. നമ്മുടെ വീടുകളിൽ അമ്മമാരും സഹോദരിമാരും ആഹാരം പാകം ചെയ്യുമ്പോൾ ഉറുമ്പിനെ ആഹാരത്തിന്റെ സമീപത്ത് എവിടെയെങ്കിലും വെച്ച് കാണുകയാണെങ്കിൽ ആ ഭക്ഷണത്തിൽ നിന്നൊരു ചെറിയ ഭാഗം മാറ്റി വെയ്‌ക്കാറുണ്ട്. ഇത് തന്നെയാണ് സനാതന ധർമ്മം നമ്മെ പഠിപ്പിക്കുന്നത്. അത് തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുകയാണ്. സനാതന ധർമ്മം ശാശ്വതമാണ്. ലോകത്തിലെ ഒരു ശക്തിക്കും അതിനെ നശിപ്പിക്കാൻ സാധിക്കില്ല’ രാജ്‌നാഥ് സിംഗ് പറഞ്ഞു.
ചെന്നൈയിൽ നടന്ന പൊതുപരിപാടിയിൽ സനാതനയ്‌ക്കെതിരെ ഉദയനിധി സ്റ്റാലിന്റെ പരമാർശത്തിൽ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ഉദയനിധിയ്‌ക്കെതിരെ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറും പ്രതികരിച്ചിരുന്നു. സനാതന ധർമ്മത്തെ കോൺഗ്രസ് അടങ്ങുന്ന ഇൻഡി സഖ്യത്തിന് ഒരിക്കലും ഇല്ലാതാക്കാൻ സാധിക്കില്ലെന്നും സനാതന ധർമ്മം ഇന്നോ ഇന്നലെയോ ഉണ്ടായതല്ല, അത് ഈ രാഷ്‌ട്രത്തിന്റെ സംസ്‌കാരമാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post