ന്യൂദല്‍ഹി : വിശ്വകര്‍മ ജയന്തി ദിനത്തില്‍ യശോഭൂമിയിലെ അന്താരാഷ്‌ട്ര സമ്മേളന പ്രദര്‍ശന കേന്ദ്രത്തില്‍ പിഎം വിശ്വകര്‍മ പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു. മെട്രോയിലാണ് പ്രധാനമന്ത്രി ധൗല കുവാനില്‍ നിന്ന് ദ്വാരക ഐഐസിസിയിലെത്തിയത്. ദ്വാരക സെക്ടര്‍ 21 ല്‍ നിന്ന് ദ്വാരക സെക്ടര്‍ 25 ലെ പുതിയ മെട്രോ സ്റ്റേഷനിലേക്ക് ഡല്‍ഹി എയര്‍പോര്‍ട്ട് മെട്രോ എക്സ്പ്രസ് ലൈന്‍ നീട്ടിയതിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു. ദ്വാരകയില്‍ വച്ച് മോദി ‘യശോഭൂമി’ രാജ്യത്തിന് സമര്‍പ്പിച്ചു.
കൈത്തൊഴിലാളികള്‍ക്കും കരകൗശല തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും പിഎം വിശ്വകര്‍മ പദ്ധതി പ്രതീക്ഷയുടെ കിരണമാണെന്ന് ചടങ്ങില്‍ നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തെ ഓരോ തൊഴിലാളിക്കും ഓരോ വിശ്വകര്‍മ്മജനും പ്രധാനമന്ത്രി യശോഭൂമി സമര്‍പ്പിച്ചു. ആയിരം വര്‍ഷങ്ങളായി ഇന്ത്യയുടെ അഭിവൃദ്ധിയുടെ മൂലകാരണം വിശ്വകര്‍മജരാണെന്നും അദ്ദേഹം പറഞ്ഞു. പരിശീലനവും സാങ്കേതികവിദ്യയും ഉപകരണങ്ങളും നമ്മുടെ കരകൗശല വിദഗ്ധര്‍ക്ക് സുപ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.
പരമ്പരാഗത കരകൗശല വസ്തുക്കളില്‍ ഏര്‍പ്പെട്ടിരിക്കുന്നവള്‍ക്ക് പിന്തുണ നല്‍കുകയെന്നതാണ് ലക്ഷ്യം. കരകൗശല വിദഗ്ധരെയും കൈത്തൊഴിലുകാരെയും സാമ്പത്തികമായി പിന്തുണയ്‌ക്കുക മാത്രമല്ല, നൂറ്റാണ്ടുകളുടെ പാരമ്പര്യവും സംസ്‌കാരവും വൈവിധ്യമാര്‍ന്ന പൈതൃകവും സംരക്ഷിക്കുകയും ലക്ഷ്യമിടുന്നു. പ്രാദേശിക ഉല്‍പ്പന്നങ്ങള്‍, കല, കരകൗശല വസ്തുക്കള്‍ എന്നിവയുടെ പ്രോത്സാഹനവും ലക്ഷ്യമാണ്. പതിനെട്ട് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെയാണ് പി എം വിശ്വകര്‍മ്മ പദ്ധതിയിലൂടെ സഹായിക്കാന്‍ ലക്ഷ്യമിടുന്നത്. പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ 13000 കോടി രൂപയാണ് ചെലവിടുന്നത്.
Discussion about this post