ചെന്നൈ: സനാതനധര്‍മ്മത്തിനെതിരെ ഡിഎംകെ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തുടര്‍ച്ചയായി നടത്തുന്ന അധിക്ഷേപങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അഖില ഭാരതീയ സന്ത് സമിതി ജനറല്‍ സെക്രട്ടറി ദണ്ഡി സ്വാമി ജിതേന്ദ്രാനന്ദ സരസ്വതിയുടെ നേതൃത്വത്തില്‍ വിശ്വഹിന്ദു പരിഷത്ത് നേതാക്കള്‍ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിക്ക് നിവേദനം സമര്‍പ്പിച്ചു.
ചെന്നൈ കേന്ദ്രമാക്കി സംഘടിപ്പിച്ച സനാതന്‍ അബോളിഷന്‍ കോണ്‍ക്ലേവ് എന്ന പരിപാടിയില്‍ മന്ത്രിയും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്‍ പങ്കെടുത്തത് സാഹചര്യം അപകടകരമാണെന്ന സൂചനയാണ് നല്കുന്നതെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. സനാതനധര്‍മ്മത്തെ അപമാനിക്കുകയും സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുന്ന ഇത്തരം പരിപാടികളില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ പങ്കെടുക്കുന്നത് കോടാനുകോടി വരുന്ന വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ്.
ഡിഎംകെയുടെയും സഖ്യകക്ഷിയായ കോണ്‍ഗ്രസിന്റെയും നേതാക്കള്‍ ഇത്തരം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുകയാണ്. സനാതനധര്‍മ്മത്തെ തകര്‍ക്കണമെന്ന് ആഹ്വാനം ചെയ്യുന്ന സമ്മേളനത്തില്‍ വിദ്വേഷപ്രസംഗം നടത്തുന്നത് ക്ഷേത്രപരിപാലനത്തിന്റെ ചുമതലയുള്ള മന്ത്രിയടക്കമുള്ളവരാണെന്നത് ഗൗരവത്തോടെ കാണണം. പദവികളെ മാനിക്കാത്തവരാണ് സര്‍ക്കാരിനെ നയിക്കുന്നത്. കടുത്ത ഭരണഘടനാനിഷേധവും സത്യപ്രതിജ്ഞാ ലംഘനവുമാണ് ഇവര്‍ ചെയ്യുന്നതെന്ന് വിഎച്ച്പി നേതാക്കള്‍ ചൂണ്ടിക്കാട്ടി.
വെള്ളിമല ആശ്രമത്തിലെ സ്വാമി ചൈതന്യാനന്ദ, സ്വാമി മധുരാനന്ദ, വിഎച്ച്പി വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. അലോക് കുമാര്‍, ഉത്തര തമിള്‍നാട് ഘടകം പ്രസിഡന്റ് ഡോ.പി. ചൊക്കലിംഗം തുടങ്ങിയവരും നിവേദക സംഘത്തിലുണ്ടായിരുന്നു.
Discussion about this post