ഗാന്ധിനഗർ: സ്വകാര്യ സ്‌കൂളിൽ ഹിന്ദു വിദ്യാർത്ഥികളെ കൊണ്ട് നിർബന്ധിച്ച് നമസ്‌കരിപ്പിച്ച സംഭവത്തിൽ ഗുജറാത്ത് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. അഹമ്മദാബാദിലെ ഘട്ലോഡിയ ഏരിയയിലെ കലോറെക്സ് ഫ്യൂച്ചർ സ്‌കൂളിൽ നടന്ന പരിപാടിയിലാണ് സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടത്.
സ്‌കൂളിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വീഡിയോയിൽ പ്രൈമറി വിഭാഗത്തിലെ ഒരു വിദ്യാർത്ഥികൾ നമസ്‌കരിക്കുന്നത് കാണാം. കൂടാതെ നാല് കുട്ടികൾ ചേർന്ന് ചേർന്ന് ഇസ്ലാമിക പ്രാർത്ഥന ചൊല്ലുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ വിഡിയോ പിന്നീട് സ്‌കൂൾ നീക്കം ചെയ്തു. എബിവിപി, ബജ്റംഗ്ദൾ തുടങ്ങി നിരവധി സംഘടനകൾ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്. പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഒടുവിൽ തെറ്റുപറ്റിയതായി സ്‌കൂൾ മാനേജ്‌മെന്റ് സമ്മതിച്ചു.
സ്‌കൂളുകളിൽ ഇത്തരം പരിപാടികൾ സംഘടിപ്പിച്ച് സംസ്ഥാനത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാനാണ് ചിലർ ആഗ്രഹിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫുൽ പൻഷേരിയ പറഞ്ഞു. പരിപാടിയിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് തങ്ങൾ എന്താണ് ചെയ്യുന്നതെന്ന് പോലും കൃത്യമായി അറിയില്ലായിരിക്കാം. ഇത് ഒട്ടും സ്വീകാര്യമല്ല. ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതിന് പിന്നിലെ മാനസികാവസ്ഥയും ഉദ്ദേശവും കണ്ടെത്താൻ അന്വേഷണം നടത്തുകയും ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്യും. തെറ്റ് ചെയ്തവരെ വെറുതെ വിടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എന്നാൽ ഉത്സവങ്ങൾക്ക് മുന്നോടിയായി വിവിധ മതങ്ങളെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും വിദ്യാർത്ഥികളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചതെന്ന് വാദമാണ് സ്‌കൂൾ പ്രിൻസിപ്പൽ നീരാളി ദഗ്ലി ഉയർത്തുന്നത്.
Discussion about this post