അയോധ്യ: രാമജന്മഭൂമി പ്രക്ഷോഭനായകരുടെയും മുക്തിയജ്ഞമുന്നേറ്റ ചരിത്രവും പുസ്തകരൂപത്തില്‍ പുറത്തിറക്കാന്‍ ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ് തയാറെടുക്കുന്നു. നൂറ്റാണ്ടുകളുടെ പ്രക്ഷോഭം ചരിത്രത്തിന്റെ തന്നെ ഭാഗമാണ്. സ്വതന്ത്രഭാരതം സ്വാഭിമാനം വീണ്ടെടുക്കുന്നതിന്റെ ഭാഗമായി നടത്തിയ ജനകീയസമരങ്ങളും അതേ പ്രാധാന്യത്തോടെ രേഖപ്പെടുത്തേണ്ടതാണെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പുസ്തക രചന.
വിശ്വഹിന്ദുപരിഷത്ത് അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറിയായിരുന്ന അശോക് സിംഘാള്‍, ഗോരക്ഷാ പീഠത്തിലെ മഹന്ത് രാമചന്ദ്ര ദാസ് പരമഹംസ്, മഹന്ത് അവൈദ്യനാഥ് എന്നിവരുടെ ജീവിതം പുസ്തകത്തിന്റെ ഭാഗമാകും. ജഗദ്ഗുരു പുരുഷോത്തമാചാര്യ, ആചാര്യ ഗിരിരാജ് കിഷോര്‍, ജഗദ്ഗുരു മധ്വാചാര്യ, ജഗദ്ഗുരു ശിവരാമാചാര്യ, ഓംകാര്‍ ഭാവെ, മഹേഷ് നാരായണ്‍ സിങ്, ഡോ. വിശ്വനാഥ ദാസ് ശാസ്ത്രി തുടങ്ങി നിരവധി വ്യക്തികളുടെ ചരിത്രവും രേഖപ്പെടുത്തും.ഈ ധീരന്മാരുടെ സന്ധിയില്ലാത്ത പോരാട്ടവും സംഘടനാതപസുമാണ് രാമക്ഷേത്ര നിര്‍മ്മാണത്തിലേക്ക് നയിച്ചതെന്ന് മുന്‍ എംപി കൂടിയായ ഡോ.രാംവിലാസ് ദാസ് വേദാന്തി പറഞ്ഞു. അവരുടെ സമരകഥ ജനങ്ങളിലെത്തിക്കാനും അവരെ ആദരിക്കാനുമുള്ള പദ്ധതി ശ്ലാഘനീയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post