ഉദയ്പൂര്‍(രാജസ്ഥാന്‍): പ്രപഞ്ചത്തെ നവീകരിക്കാനും സമൃദ്ധമാക്കാനും സ്ത്രീകള്‍ക്ക് കരുത്തുണ്ടെന്ന് രാഷ്ട്ര സേവിക സമിതി അഖിലഭാരതീയ കാര്യവാഹിക അല്‍ക തായ്. സ്ത്രീ അബലയല്ല. കാരുണ്യത്തിനായി കാത്തുനില്‌ക്കേണ്ടവളുമല്ല. സംസ്‌കാരവും മൂല്യങ്ങളും പകര്‍ന്ന് വരുംതലമുറയ്ക്ക് വഴികാട്ടുന്നവരാണ്. അമ്മയാണ് ഒരു കുഞ്ഞിന്റെ ആദ്യ ഗുരു, അവര്‍ പറഞ്ഞു. ഉദയ്പൂരില്‍ മഹിളാസമന്വയ വേദി സംഘടിപ്പിച്ച തേജസ്വിനി മാതൃശക്തി സംഗമത്തെ അഭിവാദ്യം ചെയ്യുകയായിരുന്നു അല്‍ക തായ്.അറിവിന്റെ അടയാളം അനുഭവങ്ങളാണ്. പഠനത്തിലെ പിന്നാക്കാവസ്ഥയുടെ പേരില്‍ സ്ത്രീയെ അവഗണിക്കുന്നവര്‍ക്ക് അവളുടെ അനുഭവജ്ഞാനത്തെ പരിഗണിക്കാതിരിക്കാനാവില്ല. എല്ലാ പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം ഉറപ്പാക്കുന്ന സാമൂഹിക സാഹചര്യം ഉണ്ടാകണം. അതിന് ഭരണപരമായ വ്യവസ്ഥിതി മാത്രം മാറിയാല്‍ പോരാ സമാജത്തിന്റെ മനസ്ഥിതിയും മാറണം.ഭാരതീയ വീക്ഷണത്തില്‍ സ്ത്രീ ദേവതയാണ്. പുരുഷന്റെ ഏകാന്തത അവസാനിപ്പിക്കാല്‍ വാരിയെല്ലില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടവളല്ല, പ്രപഞ്ചസൃഷ്ടിയുടെ തന്നെ ആദിരൂപമാണ്. അര്‍ധനാരീശ്വരന്‍ എന്ന സങ്കല്പത്തോളം സമത്വചിന്ത ലോകത്തെവിടെയും കാണാനാകില്ല. മനുഷ്യന്റെയും പ്രകൃതിയുടെയും സമത്വമാണ് സൃഷ്ടിയുടെ അടിസ്ഥാനം. സമരാത്മകവും സംയോജിതവുമായ ശക്തിയിലൂടെയേ ഏത് രാഷ്ട്രവും സുരക്ഷിതവും സമൃദ്ധവുമാകൂ. ശക്തിയുടെയും അറിവിന്റെയും സാമ്പത്തിന്റെയും അധിദേവതകളായാണ് ദുര്‍ഗ, സരസ്വതി, ലക്ഷ്മി എന്നിവരെ ഭാരതം അവതരിപ്പിക്കുന്നത്. സ്ത്രീയെ പുരുഷന് താഴെയായി കാണുന്ന പടിഞ്ഞാറിന് ഈ സങ്കല്പങ്ങള്‍ അന്യമാണ്. അമേരിക്കയില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം പോലും ഇല്ലായിരുന്നു, അല്‍ക തായ് ചൂണ്ടിക്കാട്ടി.ഭാരതത്തിലുടനീളം നടക്കുന്ന മാതൃശക്തി സമ്മേളനങ്ങളുടെ ലക്ഷ്യത്തെപ്പറ്റി മഹിളാ സമന്വയം ദേശീയ സംയോജക മീനാക്ഷി തായ് പേഷ്വെ സംസാരിച്ചു. മീന വായ അധ്യക്ഷത വഹിച്ചു. നന്ദിത സിംഗാള്‍ മുഖ്യാതിഥിയായി.
Discussion about this post