ന്യൂദല്‍ഹി: ഇസ്രായേലിനെതിരായ ഹമാസ് ഭീകരത മാനവികതയ്‌ക്കേറ്റ ആഘാതമാണെന്ന് എബിവിപി. ഇസ്രായേലിലെ നിരപരാധികളായ പൗരന്മാരെയാണ് ഉറങ്ങിക്കിടക്കുന്നതിനിടെ ഭീകരര്‍ കൊലപ്പെടുത്തിയത്. ഇത്രയും മനുഷ്യത്വരഹിതമായ ആക്രമണം നടന്നിട്ടും അപലപിക്കാന്‍ പോലും തയാറാകാത്ത ചില രാഷ്‌ട്രീയ പാര്‍ട്ടികളും ബുദ്ധിജീവിസംഘടനകളും ബൗദ്ധിക പാപ്പരത്തത്തിന്റെയും നാണംകെട്ട പേടിയുടെയും അടയാളങ്ങളാണെന്ന് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി യാജ്ഞവല്‍ക്യ ശുക്ല പറഞ്ഞു.
ഭീകരരെയും ഭീകരതയെയും പിന്തുണയ്‌ക്കുന്ന ഇത്തരക്കാര്‍ മനുഷ്യകുലത്തിന്റെ തന്നെ ശത്രുക്കളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇസ്രായേലിനെ പിന്തുണയ്‌ക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം ധീരതയുടെ പ്രകടനമാണ്. രാജ്യത്തിന്റെ ഈ വിദേശനയത്തിന് അനുകൂലമായ വിധത്തില്‍ സംഘടനകള്‍ അഭിപ്രായം പ്രകടിപ്പിക്കണം.
മതഭ്രാന്തും മുന്‍വിധികളും കാരണം ഭീകരതയെ അന്ധമായി പിന്തണയ്‌ക്കുന്ന നിലപാടുകള്‍ അപകടകരമാണ്. കാമ്പസുകളില്‍ ഹമാസിനെ പിന്തുണച്ച് പരിപാടികള്‍ സംഘടിപ്പിക്കുന്നത് അപലപനീയമാണ്. ഇത്തരം ശക്തികളെ തുറന്നുകാട്ടാന്‍ എബിവിപി മുന്നോട്ടുവരുമെന്ന് യാജ്ഞവല്‍ക്യ ശുക്ല പറഞ്ഞു.
ഹമാസിന്റെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സാധാരണക്കാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ഇസ്രായേലില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലാവട്ടെയെന്നും സമാധാനത്തിന്റെ പാതയാണ് ഐശ്വര്യത്തിലേക്കുള്ള പാതയെന്നും വിദ്യാര്‍ത്ഥി പരിഷത്ത് പ്രാര്‍ത്ഥിക്കുന്നു. ലോകത്തിന് വേണ്ടി മുന്നേറാന്‍ എല്ലാവരും കൈകോര്‍ക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post