ന്യൂദല്‍ഹി: പാലസ്തീന്റെ രക്ഷയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടെപടണമെന്ന അഭ്യര്‍ത്ഥനയുമായി ഭാരതത്തിലെ പാലസ്തീന്‍ അംബാസഡര്‍ അദ്‌നാന്‍ മുഹമ്മദ് ജാബേര്‍ അബുവള്‍ഹയ്ജ. ഇസ്രായേലും പാലസ്തീനും ഒരുപോലെ ആദരിക്കുന്ന രാജ്യമാണ് ഭാരതം. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ നിര്‍ണായകമായ പങ്ക് വഹിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അദ്‌നാന്‍ അബുവള്‍ഹയ്ജ പറഞ്ഞു. ഇസ്രായേലിനും പാലസ്തീനും യോജിക്കാവുന്ന പരിഹാരം നിര്‍ദേശിക്കാന്‍ കഴിയുന്ന ഏക രാഷ്ട്രം ഭാരതമാണ്. ഇപ്പോഴത്തെ വലിയ പ്രതിസന്ധി അവസാനിപ്പിക്കാന്‍ ഭാരതത്തിന് കഴിയും. ഗാസ മുനമ്പിലെ 2.2 ദശലക്ഷം പാലസ്തീനികള്‍ക്ക് മേലുള്ള ഉപരോധം നീക്കാനും അവര്‍ക്ക് ഭക്ഷണവും വെള്ളവും വൈദ്യുതിയും ലഭ്യമാക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സഹായിക്കാനാകും.
സമാധാനപ്രക്രിയയ്ക്കുവേണ്ടി അന്താരാഷ്ട്ര സമൂഹത്തെ പ്രേരിപ്പിക്കാന്‍ അദ്ദേഹത്തിന്റെ ഇടപെടലിന് കഴിയും. ലോകം ആദരിക്കുന്ന നേതാവാണ് നരേന്ദ്രമോദി, പാലസ്തീന്‍ അംബാസഡര്‍ പറഞ്ഞു.
2008 മുതല്‍ മാത്രം ആറാമത്തെ തവണയാണ് ഇത്തരത്തില്‍ ഏറ്റുമുട്ടലുണ്ടാവുന്നത്. ഐക്യാരാഷ്ട്രസഭയ്‌ക്കോ അന്താരാഷ്ട്ര സമൂഹത്തിനോ ഇതുവരെയും ഒരു പരിഹാരവും നിര്‍ദേശിക്കാന്‍ കഴിഞ്ഞിട്ടില്ല. പാലസ്തീന്‍ വിഷയത്തില്‍ മാത്രം എണ്ണൂറ് പ്രമേയങ്ങളാണ് ഐക്യരാഷ്ട്രസഭ പാസാക്കിയത്. ഒന്നും മുന്നോട്ടുപോയിട്ടില്ല.
ഹമാസിന് പാലസ്തീന്‍ ജനതയില്‍ ഒരു വലിയ വിഭാഗത്തിന്റെ പിന്തുണയുണ്ട്. അതെത്രയെന്ന് കൃത്യം കണക്ക് പറയാനാവില്ല. പാലസ്തീനെ സംബന്ധിച്ച് ഇരുരാജ്യങ്ങളിലും കൊല്ലപ്പെടുന്നവരെക്കുറിച്ച് ആശങ്കയുണ്ട്. അത് അവസാനിക്കണം. പക്ഷേ ഇക്കാര്യത്തില്‍ അന്താരാഷ്ട്ര സമൂഹം ഇപ്പോഴും കണ്ണടച്ചിരിക്കുന്നു എന്നത് ഞെട്ടിക്കുന്നുവെന്ന് അദ്‌നാന്‍ പറഞ്ഞു.
ഇസ്രായേലിന് നേരെ ഹമാസ് നടത്തിയ ആക്രമണം ഞെട്ടിക്കുന്നതാണ്. എന്നാല്‍ അതിന് ഇറാന്റെ സഹായമുണ്ടെന്ന അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ പ്രസ്താവന ശരിയാണോ എന്ന് അറിയില്ല. എന്തായാലും ആ ആരോപണത്തിന് ഇതുവരെയും തെളിവില്ല. ഇസ്രായേലിലെ പ്രശ്‌നങ്ങള്‍ക്ക് പലപ്പോഴും അവര്‍ പരിഹാരം കാണുന്നത് പാലസ്തീനികളുടെ ചോര കൊണ്ടാണ്. ഇപ്പോള്‍ ഉണ്ടായ പ്രശ്‌നങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് നെതന്യാഹുവിന് ഒഴിഞ്ഞുമാറാനാവില്ലെന്ന് ഇസ്രായേലിലെ പത്രങ്ങള്‍ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ടെന്ന് അദ്‌നാന്‍ അബുവള്‍ ഹയ്ജ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
Discussion about this post