കൊല്‍ക്കത്ത: നഫീസ എന്ന എട്ടുവയസുകാരി ദുര്‍ഗയാകും. കൊല്‍ക്കത്തയിലെ ന്യൂ ടൗണില്‍ മൃതിക എന്ന സംഘടനയാണ് ഇക്കുറി ഒരു സമൂഹ ദുര്‍ഗാ പൂജയില്‍ ദുര്‍ഗാഷ്ടമി ദേവിയാകാന്‍ നഫീസയെ തെരഞ്ഞെടുത്തത്. വീട്ടുജോലികള്‍ ചെയ്ത് ജീവിതം നയിക്കുന്ന പതുരിയഘട്ട സ്വദേശി സബയുടെ മകളാണ് നഫീസ. മൃതികയ്ക്ക് വേണ്ടി നഫീസയുടെ ടീച്ചര്‍ ശതാബ്ദി ഗാംഗുലിയാണ് സബയോട് സംസാരിച്ചത്. ആ ദിവസം മുതല്‍ താന്‍ ആശ്ചര്യത്തിലാണെന്ന് സബ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ദുര്‍ഗാഷ്ടമിദിനത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ദുര്‍ഗാദേവിയായി ആരാധിക്കുന്നത് പാരമ്പര്യമായി തുടരുന്ന ആചാരമാണ്. സ്വാമി വിവേകാനന്ദന്റെ പ്രവര്‍ത്തനങ്ങളെ മാതൃകയാക്കിയാ മൃതിക നഫീസയെ ഇതിനായി തെരഞ്ഞെടുത്തതെന്ന് സംഘാടകര്‍ പറഞ്ഞു.
1898-ല്‍, സ്വാമി വിവേകാനന്ദന്‍ ശ്രീനഗറിലെ ഖീര്‍ ഭവാനി ക്ഷേത്രത്തില്‍ ദുര്‍ഗയായി പൂജിക്കാന്‍ നാല് വയസുള്ള മകളെ അനുവദിക്കണമെന്ന് ഒരു മുസ്ലീം കടത്തുകാരനോട് അഭ്യര്‍ത്ഥിച്ചതിന്റെ തുടര്‍ച്ചയാണിത്. അന്ന് അദ്ദേഹം ആ പെണ്‍കുട്ടിയുടെ പാദങ്ങള്‍ തൊട്ട് വണങ്ങിയാണ് പൂജ ചെയ്തത്, മൃതിക സെക്രട്ടറി പ്രഥമ മുഖര്‍ജി പറഞ്ഞു.
ബംഗാളില്‍ ദുര്‍ഗാപൂജ മുസ്ലീം വിഭാഗങ്ങളില്‍പ്പെട്ടവരടക്കം വലിയതോതില്‍ കൊണ്ടാടിയിരുന്ന മഹോത്സവമാണ്. മതഭീകരരുടെയും മൗലികവാദികളുടെയും എതിര്‍പ്പിന്റെ പശ്ചാത്തലത്തില്‍ സ്ഥിതി മാറിയിട്ടുണ്ട്. എങ്കിലും ദുര്‍ഗാപൂജ മതഭേദമെന്യേ ദേശീയ ഉണര്‍വിന്റെ ഉത്സവമാണെന്ന സന്ദേശമാണ് ചടങ്ങുകള്‍ മുന്നോട്ടുവയ്ക്കുന്നതെന്ന് പ്രഥമ മുഖര്‍ജി കൂട്ടിച്ചേര്‍ത്തു.
Discussion about this post