ന്യൂദല്‍ഹി: ഭാരതം നിര്‍ണയിച്ച കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് 41 നയതന്ത്ര ഉദ്യോഗസ്ഥരെയും അവരുടെ കുടുംബാംഗങ്ങളെയും കാനഡ തിരിച്ചു വിളിച്ചു. ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഭാരതമാണെന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പ്രസ്താവനയെത്തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് കടുപ്പിച്ചത്. ഭാരതനയതന്ത്രപ്രതിനിധിയെ പുറത്താക്കി ട്രൂഡോ സര്‍ക്കാരാണ് പ്രശ്‌നം വഷളാക്കിയത്. ഇതേത്തുടര്‍ന്നുള്ള നടപടികളുടെ ഭാഗമായാണ് 41 നയതന്ത്രജ്ഞരെയും പിന്‍വലിക്കാന്‍ ഭാരതം കാനഡയ്ക്ക് അന്ത്യശാസനം നല്കിയത്.
ദല്‍ഹിയിലെ 21 കനേഡിയന്‍ നയതന്ത്രജ്ഞര്‍ക്കും ആശ്രിതര്‍ക്കും ഒഴികെ മറ്റെല്ലാവര്‍ക്കും നയതന്ത്ര ഇളവുകള്‍ ഏകപക്ഷീയമായി നീക്കം ചെയ്യാനുള്ള പദ്ധതി ഭാരതം ഔപചാരികമായി അറിയിച്ചിട്ടുണ്ടെന്ന് കാനഡ വിദേശകാര്യമന്ത്രി മിലന്‍ ജോളി പറഞ്ഞു.
ചണ്ഡീഗഡ്, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലെ കോണ്‍സുലേറ്റുകളിലെ എല്ലാ സേവനങ്ങളും താത്ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ഭാരതത്തില്‍ ശേഷിക്കുന്ന എല്ലാ നയതന്ത്ര ഉദ്യോഗസ്ഥരെയും ന്യൂദല്‍ഹിയിലെ ഹൈക്കമ്മിഷന്‍ ആസ്ഥാനത്തേക്ക് നിയോഗിക്കുകയും ചെയ്തിട്ടുണ്ടെന്ന് അവര്‍ വ്യക്തമാക്കി. 21 പേര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും മാത്രമേ നയതന്ത്ര പദവി നിലനിര്‍ത്താന്‍ ഭാരതം അനുവദിക്കൂവെന്നും മറ്റുള്ളവരുടെ സംരക്ഷണം എടുത്തുകളയുന്ന നടപടി ഉണ്ടായേക്കുമെന്നും ജോളി ഒട്ടാവയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭാരതം പുറത്താക്കിയ ഉദ്യോഗസ്ഥര്‍ക്കും ആശ്രിതര്‍ക്കും സുരക്ഷിതമായി പുറപ്പെടുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
പരസ്പര നയതന്ത്ര സാന്നിധ്യത്തില്‍ ശക്തിയിലും റാങ്കിലും തുല്യത വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കണമെന്ന് ഭാരതം കഴിഞ്ഞ മാസം കാനഡയോട് ആവശ്യപ്പെട്ടത്. കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കാനഡയിലെ ഭാരതീയ നയതന്ത്ര ഉദ്യോഗസ്ഥരുടേതിനേക്കാള്‍ കൂടുതലാണ്.
ദല്‍ഹിക്ക് പുറത്ത് ഇന്ത്യയില്‍ ജോലി ചെയ്യുന്ന കനേഡിയന്‍ നയതന്ത്രജ്ഞരില്‍ ഭൂരിഭാഗം പേരെയും ക്വാലാലംപൂരിലേക്കും സിംഗപ്പൂരിലേക്കും നിയോഗിച്ചതായി ജോളി പറഞ്ഞു.
Discussion about this post