ആത്മനിർഭര ഭാരതത്തിനായുള്ള കേന്ദ്ര സർക്കാരിന്റെ പരിശ്രമത്തിൽ ടെക് ലോകത്തിലെ അധിപന്മാരായ സാംസംഗ് കമ്പനിയും ആപ്പിളും ഭാരതത്തിൽ നിർമ്മിച്ച സ്മാർട്ട്‌ഫോണുകൾ ഇറക്കുമതി ചെയ്യാൻ തുടങ്ങിയിരുന്നു. അടുത്ത വർഷം മുതൽ രാജ്യത്ത് പിക്‌സൽ ഫോണുകൾ നിർമ്മിക്കുമെന്ന് ഗൂഗിളും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഭാരതം ആത്മനിർഭരത കൈവരിക്കുന്നതിൽ അഭിമാനം പ്രകടിപ്പിച്ച് രംഗത്തെത്തിയ മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയർമാൻ ആനന്ദ് മഹീന്ദ്രയുടെ വാക്കുകളാണ് ഇപ്പോൾ ഓരോ ഭാരതീയനെയും രോമാഞ്ചം കൊള്ളിക്കുന്നത്.
” അടുത്തിടെ അമേരിക്കയിൽ സന്ദർശനത്തിന് എത്തിയ ഞാൻ അവിടുത്തെ സിം വാങ്ങാനായി ഒരു ഫോൺ കടയിൽ കയറിയിരുന്നു. കടക്കാരനോട് ഞാൻ പറഞ്ഞു ഈ ഫോൺ എന്റെ രാജ്യമായ ഭാരതത്തിൽ നിർമ്മിച്ചതാണ്. അപ്പോൾ അദ്ദേഹം പുരികമൊന്ന് ഉയർത്തുന്നത് കണ്ടു. അത് കണ്ടപ്പോൾ എനിക്ക് അഭിമാനമാണ് തോന്നിയത്. എന്റെ കയ്യിൽ ഗൂഗിൾ പിക്‌സലും ഉണ്ട്. അടുത്ത വർഷം ഭാരതത്തിൽ നിർമ്മിച്ച പിക്‌സലും ഞാൻ വാങ്ങും. അന്നു പക്ഷേ ആരും പുരികം ഉയർത്തേണ്ടി വരില്ല. കാരണം അപ്പോഴേക്കും ഭാരതം ലോകത്തെ നയിക്കുന്ന ആഗോള നിർമ്മാണ ശക്തിയായി മാറികഴിഞ്ഞിരിക്കും.”- ആനന്ദ് മഹീന്ദ്ര എക്‌സിൽ കുറിച്ചു.
ഭാരതത്തെ ആത്മനിർഭരതയിലേക്ക് എത്തിക്കാനുള്ള അദ്ദേഹത്തിന്റെ പങ്കിനെ കുറിച്ചും നിരവധി പേരാണ് അഭിനന്ദിച്ച് രംഗത്തെത്തിയത്. നിമിഷനേരം കൊണ്ട് 1 മില്യൺ കാഴ്ചക്കാരാണ് അദ്ദേഹം പങ്കുവെച്ച പോസ്റ്റ് കണ്ടത്.
Discussion about this post