ന്യൂദൽഹി: ഇന്ത്യയുടെ പേര് ഔദ്യോഗികമായി ഭാരത് എന്നാക്കണമെന്നതു സംബന്ധിച്ച ചർച്ചകൾ രാജ്യത്ത് സജീവമാകുന്നിതിനിടെ നാഷണൽ മെഡിക്കൽ കമ്മീഷൻ പുതിയ ലോഗോ പ്രസിദ്ധീകരിച്ചു. മെഡിക്കൽ കമ്മീഷന്റെ സൈറ്റിലാണ് പുതിയ ലോഗോ.
ലോഗോയുടെ നടുവിൽ അശോകസ്തംഭം ഉണ്ടായിരുന്നിടത്ത് ധന്വന്തരിയുടെ കളർ ചിത്രം ചേർത്തു. ഇന്ത്യ എന്ന് എഴുതിയിരിന്നിടത്ത് ഭാരത് എന്നും മാറ്റിയിട്ടുണ്ട്. ലോഗോ മാറ്റിയതിനെതിരെ ചില കോണൂകളിൽ നിന്നും പ്രതിഷേധ സ്വരങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ, ഈ മാറ്റം സംബന്ധിച്ച് മെഡിക്കൽ കമ്മീഷന്റെ വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
ഇന്ത്യ ആതിഥേയരായ ജി20 ഉച്ചകോടിയിൽ രാഷ്‌ട്രപതി ഒരുക്കിയ അത്താഴവിരുന്നിന്റെ ക്ഷണക്കത്തിൽ ഭാരത് എന്ന് ചേർത്തതോടെയാണ് വലിയ തോതിൽ ചർച്ചകൾ തുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നെയിംപ്ലേറ്റിലും ഭാരത് എന്ന് ആയിരുന്നു ചേർത്തത്. കേന്ദ്രമന്ത്രിമാർ തങ്ങളുടെ എക്സ് അക്കൗണ്ട് ബയോയിലും ഭാരത് എന്നാക്കിയിട്ടുണ്ട്.
റെയിൽവേ മന്ത്രാലയം കേന്ദ്രസർക്കാരിന് സമർപ്പിച്ച ശുപാർശകളിലും രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കിയിരുന്നു. ഭരണഘടനയിൽ ഇന്ത്യ എന്നും ഭാരത് എന്നും ഉപയോഗിച്ചിട്ടുണ്ടെന്നും മന്ത്രിസഭാ നിർദേശങ്ങളിൽ ഭാരത് എന്ന് ഉപയോഗിക്കുന്നതിൽ തെറ്റില്ല എന്നും വിഷയത്തിൽ കേന്ദ്രസർക്കാർ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post