അയോധ്യ: ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ സാമ്പത്തിക സഹകരണം നല്കാമെന്ന പ്രമുഖ വ്യവസായികളുടെ വാഗ്ദാനം നിരസിച്ച് വിശ്വഹിന്ദുപരിഷത്തും തീര്‍ത്ഥ ക്ഷേട്ര ട്രസ്റ്റും. കോടാനുകോടി രാമഭക്തരുടെ സമര്‍പ്പണത്തിലൂടെ രാമക്ഷേത്രം പൂര്‍ത്തീകരിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് അറിയിച്ചു.
അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് അനുകൂലമായി സുപ്രീം കോടതി വിധി വന്നതിനെത്തുടര്‍ന്ന് രാമക്ഷേത്ര നിധി സമര്‍പണ്‍ അഭിയാന്‍ എന്ന പേരില്‍ ആരംഭിച്ച ജനകീയപ്രസ്ഥാനത്തിലൂടെയാണ് നിര്‍മ്മാണം മുന്നോട്ടുപോകുന്നത്. മുഴുവന്‍ ഭാരതത്തിന്റെയും പങ്കാളിത്തം ഈ മുന്നേറ്റത്തിലുറപ്പാക്കുകയാണ് ലക്ഷ്യം. ജനുവരി 22ന് പ്രാണപ്രതിഷ്ഠ അയോധ്യയില്‍ നടക്കുമ്പോള്‍ എല്ലാ വീടുകളിലും ഗ്രാമങ്ങളിലും ക്ഷേത്രങ്ങളിലും പ്രാര്‍ത്ഥനകളുമായി ഭക്തകോടികള്‍ ഒത്തുചേരും. ലോകത്തിന്റെ എല്ലാ കോണുകളിലും പ്രാണപ്രതിഷ്ഠാചടങ്ങുകള്‍ തത്സമയം കാണുന്നതിനുള്ള സംവിധാനം ഒരുക്കുമെന്ന് വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബന്‍സാല്‍ പറഞ്ഞു.
അഞ്ച് നൂറ്റാണ്ടിലേറെ തലമുറള്ളായി രാമഭക്തര്‍ പോറ്റിയ സ്വപ്നമാണ് യാഥാര്‍ത്ഥ്യമാകുന്നത്. അതില്‍ അവരുടെ പൂര്‍ണമായ പങ്കാളിത്തം ഉണ്ടാകണമെന്ന് രാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് ആഗ്രഹിക്കുന്നു. ഏതെങ്കിലും സംഘടനയോ വ്യവസായസ്ഥാപനമോ അല്ല ഈ മുന്നേറ്റത്തിന് പിന്നില്‍. എല്ലാവരുടെയും രാമനാണ് പ്രതിഷ്ഠിക്കപ്പെടുന്നത്. ഇത് രാഷ്ട്രസംസ്‌കാരത്തിന്റെ മന്ദിരമാണ്, ബന്‍സാല്‍ ചൂണ്ടിക്കാട്ടി.
Discussion about this post