ന്യൂദല്‍ഹി: എബിവിപി 69-ാമത് ദേശീയ സമ്മേളനത്തിന് ദല്‍ഹിയിലെ ഇന്ദ്രപ്രസ്ഥനഗറില്‍ പതാക ഉയര്‍ന്നു. ഇന്നലെ വൈകിട്ട് എബിവിപി ദേശീയ അധ്യക്ഷന്‍ ഡോ. രാജ്ശരണ്‍ ഷാഹി, ദേശീയ ജനറല്‍ സെക്രട്ടറി യാജ്ഞവല്‍ക്യ ശുക്ല എന്നിവര്‍ ചേര്‍ന്നാണ് പതാക ഉയര്‍ത്തിയത്.
പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ 8,500 വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് വന്ദേമാതരം ആലപിച്ചു. ത്രിവര്‍ണ പതാകയുടെ ആകൃതിയില്‍ അണിനിരന്ന കാഴ്ച പരിമിതിയുള്ള 150 വിദ്യാര്‍ത്ഥികള്‍ വന്ദേമാതരഗാനാലാപനത്തിന് നേതൃത്വം നല്‍കി. എബിവിപി സമ്മേളനങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ അവതരണമായി ഇത്. തുടര്‍ന്ന് വിവിധ സംസ്ഥാന സമ്മേളനങ്ങള്‍ ചേരുകയും പുതിയ സംസ്ഥാന ഭാരവാഹികള്‍ ചുമതലയേറ്റെടുക്കുകയും ചെയ്തു.
എബിവിപി സ്ഥാപകരിലൊരാളായ ദത്താജി ഡിഡോല്‍ക്കറുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി അദ്ദേഹത്തിന്റെ പേരില്‍ ഒരുക്കിയ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം എബിവിപി മുന്‍ ദേശീയ അധ്യക്ഷന്‍ ഡോ. രാജ്കുമാര്‍ ഭാട്ടിയ നിര്‍വ്വഹിച്ചു. ഛത്രപതി ശിവാജിയുടെ കിരീടധാരണത്തിന്റെ 350-ാം വാര്‍ഷികത്തെ അനുസ്മരിക്കുന്ന ഹിന്ദവി സ്വരാജ്യ യാത്രയ്ക്ക് സമ്മേളന നഗരിയില്‍ വന്‍വരവേല്‍പ്പാണ് നല്‍കിയത്.
സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് രാവിലെ 11.30ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിര്‍വ്വഹിക്കും. എബിവിപി ദേശീയ അധ്യക്ഷന്‍ ഡോ. രാജ്ശരണ്‍ ഷാ ഹി, ദേശീയ ജനറല്‍ സെക്രട്ടറി യാജ്ഞവല്‍ക്യ ശുക്ല തുടങ്ങിയവര്‍ പങ്കെടുക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പതിനായിരം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
Discussion about this post