ന്യൂദല്‍ഹി: അഖില ഭാരതീയ വിദ്ധ്യാര്‍ത്ഥി പരിഷത്തിന്റെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി അമിത് ഷാ. ഞാന്‍ വിദ്യാര്‍ത്ഥി പരിഷത്തിന്റെ ഒരു ഉല്‍പ്പന്നമാണ്. ജ്കോട്ടില്‍ ദേശീയ സമ്മേളനം നടക്കുമ്പോള്‍ സാധാരണ പ്രവര്‍ത്തകനായി ഏറ്റവും പിന്നില്‍ ഇരുന്ന ഞാനിന്ന് ബുറാഡിയിലെ ഇന്ദ്രപ്രസ്ഥ നഗറില്‍ പ്രധാന വേദിയില്‍ മുഖ്യാതിഥിയാകുന്നു. ഈ അനുഭവം പറഞ്ഞറിയിക്കാനാകില്ല…” അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്തിന്റെ 69-ാമത് ദേശീയ സമ്മേളനം ബുറാഡിയിലെ ഇന്ദ്രപ്രസ്ഥ നഗറില്‍ ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാക്കുകള്‍.
നമുക്കൊരിക്കലും വഴി തെറ്റിയില്ല, ഒരു സര്‍ക്കാരിനെയും വഴിതെറ്റാന്‍ അനുവദിച്ചുമില്ല, രാഷ്‌ട്രത്തിനു കരുത്തു പകര്‍ന്ന എബിവിപി മുന്നേറ്റങ്ങളെ ചൂണ്ടിക്കാട്ടി അമിത് ഷാ പറഞ്ഞപ്പോള്‍ കടലിരമ്പം പോലെ രാഷ്‌ട്രത്തിനു ജയാരവമുയര്‍ന്നു. നമ്മള്‍ ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിച്ചില്ല. ജ്ഞാനം, ശീലം, ഏകത എന്ന മുദ്രാവാക്യമുയര്‍ത്തി അചഞ്ചലമായി മുന്നോട്ടുപോയി. രാജ്യം വെല്ലുവിളി നേരിട്ടപ്പോള്‍, വിദ്യാഭ്യാസ രംഗത്ത് പ്രശ്നങ്ങളുയര്‍ന്നപ്പോള്‍ അവയ്‌ക്കെതിരേ എബിവിപി പോരാടി. അതെല്ലാം രാജ്യചരിത്രത്തിന്റെ സുവര്‍ണ ലിപികളാല്‍ എഴുതും. എല്ലാ വെല്ലുവിളികള്‍ക്കും മുന്നില്‍ ഹിമാലയം പോലെ നിന്ന പ്രസ്ഥാനമാണ് എബിവിപി.
ഭാരതത്തിലെ യുവാക്കളെ കാത്തിരിക്കുന്നത് ശോഭന ഭാവിയാണ്. പത്തു വര്‍ഷത്തെ നരേന്ദ്ര മോദി ഭരണത്തില്‍ രാജ്യം അഴിമതിയും സ്വജന പക്ഷപാതവും ജാതീയതയും മറികടന്ന് വളര്‍ച്ചയും വികസനവും കൈവരിച്ചു. ഈ വികാസത്തിനു വഴിയൊരുക്കുന്നത് യുവാക്കളാണ്. യുവശക്തിയാണ് രാജ്യത്തിന്റെ നട്ടെല്ല്, അമിത് ഷാ പറഞ്ഞു.
ഇത് ഭാരതത്തിന്റെ സമയമാണ്. എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം തേടി ലോകം ഭാരതത്തെ ഉറ്റുനോക്കുന്നു. സ്വാതന്ത്ര്യലബ്ധിയുടെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ രാഷ്‌ട്രം എല്ലാ രംഗത്തും ഒന്നാമതെത്തണം. അടുത്ത 25 വര്‍ഷം രാഷ്‌ട്ര നിര്‍മാണത്തിനായി സമര്‍പ്പിക്കണം. സാംസ്‌കാരിക, പൈതൃക സംരക്ഷണവും വികസനവും പരസ്പര വിരുദ്ധമല്ല. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് ആരും വിശ്വസിച്ചിരുന്നില്ല. എന്നാല്‍ അത് യാഥാര്‍ഥ്യമാകുന്നു, അമിത് ഷാ തുടര്‍ന്നു.
Discussion about this post