അയോധ്യ: ജനുവരി 22ന് പ്രാണപ്രതിഷ്ഠയ്‌ക്ക് ഒരുങ്ങുന്ന ശ്രീരാമക്ഷത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തില്‍. തൊണ്ണൂറ്റഞ്ച് ശതമാനം പണികളും പൂര്‍ത്തിയായതായി ശ്രീരാമ ജന്മഭൂമി ട്രസ്റ്റ് പ്രസ്താവനയില്‍ അറിയിച്ചു.
ജനുവരി 23 മുതല്‍ ഭക്തര്‍ക്ക് രാംലല്ലയെ ദര്‍ശിക്കാമെന്ന് ട്രസ്റ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പ്രാണപ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് വിശിഷ്ടാതിഥികള്‍ പങ്കെടുക്കുന്നതിനാലാണ് അടുത്ത ദിവസം മുതല്‍ ഭക്തര്‍ക്ക് ദര്‍ശനനത്തിന് അനുമതി നല്കിയത്.
ശ്രീകോവിലിന്റെ 95 ശതമാനവും പൂര്‍ത്തിയായതായി രാമക്ഷേത്രം ട്രസ്റ്റി ഡോ. അനില്‍ മിശ്ര പറഞ്ഞു. ജനുവരി 23 മുതല്‍ എല്ലാ ഭക്തജനങ്ങളും അയോധ്യയില്‍ വന്ന് രാംലല്ലയെ ദര്‍ശിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 6500 അതിഥികളെയാണ് പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ക്ഷണിക്കുന്നത്. ഗൃഹമണ്ഡപത്തില്‍ ചില ജോലികള്‍ അവശേഷിക്കുന്നു.
ഒരു ദിവസം ഒന്നര മുതല്‍ രണ്ടര ലക്ഷം വരെ ഭക്തര്‍ക്ക് രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്താമെന്ന് ഡോ. അനില്‍ മിശ്ര പറഞ്ഞു. ക്ഷേത്രത്തിന്റെ സുരക്ഷ ഉന്നത നിലവാരത്തിലായിരിക്കും, എന്നാല്‍ ഭക്തര്‍ക്ക് അസൗകര്യമുണ്ടാകില്ല. നാല് ക്യൂവില്‍ ദര്‍ശനത്തിന് സൗകര്യമൊരുക്കും. സ്‌കാനറുകള്‍, സ്‌ക്രീനിങ് മെഷീനുകള്‍ തുടങ്ങിയ സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കുന്ന ജോലി ഈ മാസം 20ന് തുടങ്ങി 25ന് പൂര്‍ത്തിയാക്കും. രാമക്ഷേത്ര നിര്‍മാണ സമിതിയുടെ ദ്വിദിന യോഗത്തില്‍ ക്ഷേത്രമുള്‍പ്പെടെ നിര്‍മാണത്തിലിരിക്കുന്ന പത്ത് പദ്ധതികള്‍ അവലോകനം ചെയ്തു. ക്ഷേത്ര നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര നി ര്‍മാണ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചു. ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ്, ക്ഷേത്ര നിര്‍മാണ ചുമതലയുള്ള ഗോപാല്‍ ജി റാവു, വികസന അതോറിറ്റി വൈസ് ചെയര്‍മാന്‍ വിശാല്‍ സിങ്, യതീന്ദ്ര മിശ്ര, എന്‍ജിനീയര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Discussion about this post