അയോധ്യ: നാല്പത്തൊന്ന് വര്‍ഷമായി പതിവായി നടക്കുന്ന മഹാരാമായണമേളയ്ക്ക് അയോധ്യയില്‍ തുടക്കമായി. ശ്രീരാമന്റെ ജീവിതകഥകള്‍ പാട്ടിന്റെയും നൃത്തത്തിന്റെയും നാടകത്തിന്റെയും രൂപത്തില്‍ ആസ്വാദകരിലേക്കെത്തിക്കുന്ന വിഖ്യാത കലാമേളയ്ക്ക് ശീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റും മണിരാംദാസ് കന്റോണ്‍മെന്റിലെ രാമായണ ഫെയര്‍ കമ്മിറ്റി ചെയര്‍മാനുമായ മഹന്ത് നൃത്യ ഗോപാല്‍ ദാസ് ദീപം തെളിച്ചു. വിശ്രുത കലാ പ്രതിഭകളായ അനൂപ് ജലോട്ട, മാലിനി അവസ്തി തുടങ്ങിയവര്‍ രാമായണമേളയില്‍ പങ്കെടുക്കും.
സംന്യാസിമാരുടെ സാന്നിധ്യത്തില്‍ രാമായണ ഭജനയോടെയാണ് മേളയ്ക്ക് കഴിഞ്ഞ ദിവസം തുടക്കമായി. ആയിരത്തോളം പേര്‍ ആടിയും പാടിയും സമൂഹ ഭജനയില്‍ പങ്കാളികളായി. ഒരാഴ്ചയാണ് ശ്രീരാമജന്മഭൂമി രാമായണമേളയ്ക്ക് വേദിയാകുന്നത്. ഭജന, സായാഹ്ന രാംലീല, സാംസ്‌കാരിക സന്ധ്യ തുടങ്ങിയ പരിപാടികള്‍ മേളയ്ക്ക് അഴക് പകരും. രാംലീല പഖ്വാജിന്റെ നേതൃത്വത്തില്‍ ഇന്നലെ നാടോടിശീലുകളിലെ രാമായണകഥ അവതരിപ്പിച്ചു. അനൂപ് ജലോട്ട വിഷയാവതരണം നടത്തി. ഇന്ന് വൈകിട്ട് സീതാസ്വയംവരകഥ നാടോടി കലാരൂപമായി വേദിയില്‍ അവതരിപ്പിക്കുന്നു. രഘുവീര്‍ മാലിനി അവസ്തിയാണ് അവധി നാടോടി ഗാനം അവതരിപ്പിക്കുന്നത്.
ഹരേ രാംദാസ്, രാജീവ് രഞ്ജന്‍ പാണ്ഡെ, റീന ടണ്ടന്‍, കരണ്‍ അര്‍ജുന്‍ ഝാ, കുസും വര്‍മ്മ, പ്രണവ് സിങ്, വിനോദ് കുമാര്‍ ഝാ, മാന്‍സി സിങ്, ഡോ. ശ്രേയ, അഗ്‌നിഹോത്രി ബന്ധു, വിനോദ് കുമാര്‍ ഝാ, അശോക് പാണ്ഡെ, ജയ്ശ്രീ ആചാര്യ, അജയ് പാണ്ഡെ, ശീതള പ്രസാദ് വര്‍മ, വന്ദന മിശ്ര, സുരേഷ് ശുക്ല, അജയ് പാണ്ഡെ, രശ്മി ഉപാധ്യായ, രാകേഷ് ശ്രീവാസ്തവ, കല്‍പന എസ്. ബര്‍മന്‍, ദിവാകര്‍ ദ്വിവേദി എന്നിവരും വിവിധ ദിവസങ്ങളിലായി രാമായണമേളയില്‍ പങ്കെടുക്കും.
Discussion about this post