ന്യൂദല്‍ഹി: ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളുടെ ഭാഗമായി അയോധ്യയിലേക്ക് ആദ്യ നൂറ് ദിവസം ആയിരം ട്രെയിനുകള്‍ ഓടിക്കാന്‍ റയില്‍വേ തീരുമാനം. ജനുവരി 19 മുതലാണ് ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി തീര്‍ത്ഥാടകരുമായി ആയിരം ട്രെയിനുകള്‍ അയോധ്യയിലെ നവീകരിച്ച സ്റ്റേഷനിലെത്തും. ദല്‍ഹി, മുംബൈ, കൊല്‍ക്കത്ത തുടങ്ങി വിവിധ നഗരങ്ങളുമായി ട്രെയിനുകള്‍ അയോധ്യയെ ബന്ധിപ്പിക്കും. തീര്‍ത്ഥാടകരുടെ വലിയ ഒഴുക്ക് പരിഗണിച്ച് അയോധ്യയിലെ റയില്‍വേ സ്റ്റേഷനില്‍ വിപുലമായ നവീകരണ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. പ്രതിദിനം 50,000 പേര്‍ക്ക് വന്നുപോകാന്‍ കഴിയുന്ന തരത്തില്‍ നവീകരിച്ച സ്റ്റേഷന്‍ ജനുവരി 15 ഓടെ പൂര്‍ണസജ്ജമാകും.
ചില ട്രെയിനുകള്‍ തീര്‍ത്ഥാടകര്‍ക്കായി ചാര്‍ട്ടേഡ് സര്‍വീസ് ആയി ബുക്ക് ചെയ്തിട്ടുണ്ട്. തീര്‍ത്ഥാടക സംഘങ്ങളും ഇത്തരത്തില്‍ ബുക്ക് ചെയ്യുന്നുണ്ട്. ഐആര്‍സിടിസി 24 മണിക്കൂറും കാറ്ററിങ് സേവനങ്ങള്‍ നല്‍കും. ഇതിനായി ആവശ്യാനുസരണം നിരവധി ഭക്ഷണശാലകള്‍ സ്ഥാപിക്കും. പൗഷശുക്ലപക്ഷ ദ്വാദശി ദിനമായ ജനുവരി 22 ന് പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ശേഷം 23 മുതല്‍ ക്ഷേത്രം രാമഭക്തര്‍ക്കായി തുറക്കും.
ദല്‍ഹി, മുംബൈ, ചെന്നൈ, ബാംഗ്ലൂര്‍, പൂനെ, കൊല്‍ക്കത്ത, നാഗ്പൂര്‍, ലഖ്നൗ, ജമ്മു തുടങ്ങി എല്ലാ പ്രദേശങ്ങളുമായും വിവിധ നഗരങ്ങളുമായും ഈ ട്രെയിനുകള്‍ അയോധ്യയെ ബന്ധിപ്പിക്കും. ആവശ്യം കണക്കിലെടുത്ത് ട്രെയിനുകളുടെ എണ്ണം വിന്യസിക്കാനാണ് തീരുമാനം.
ശ്രീരാമജന്മഭൂമിയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പുണ്യനദിയായ സരയുവിലൂടെ ചുറ്റി സഞ്ചരിക്കാന്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന കട്ടമരങ്ങളും തയാറാക്കുന്നുണ്ട്. ഒരു സമയം നൂറ് പേര്‍ക്ക് സരയുവിലൂടെ സഞ്ചരിച്ച് ശ്രീരാമക്ഷേത്രത്തിന്റെ പ്രൗഢി നുകരാനാവും.
Discussion about this post