സാംഗ്ലി(മഹാരാഷ്ട്ര): ഭാരതത്തിന്റെ രാഷ്ട്രജീവിതം ആത്മീയതയില്‍ ഉറച്ചതാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ, മോഹന്‍ ഭാഗവത്. വീടായാലും സമൂഹമായാലും രാജ്യമായാലും ആത്മീയതയില്‍ അധിഷ്ഠിതമാണ്. അതുകൊണ്ട് നമുക്ക് ഭൗതിക ജീവിതവും ആത്മീയ ജീവിതവും രണ്ടല്ല. ശാസ്ത്രവും ആത്മീയതയും രണ്ടല്ല, അദ്ദേഹം പറഞ്ഞു. സാംഗ്ലി നഗരത്തിലെ കൈവല്യധാം ക്ഷേത്രത്തില്‍ സദ്ഗുരു താത്യാസാഹേബ് കോട്നിസിന്റെ സ്മൃതി ശതാബ്ദി വേളയില്‍ പുറത്തിറക്കിയ വെല്‌ളി നാണയം പ്രകാശനം ചെയ്യുകയായിരുന്നു സര്‍സംഘചാലക്.
സമര്‍പ്പിതമനസ്‌കരായ ഗൃഹസ്ഥരുടെ നിര രൂപപ്പെട്ടാല്‍ ലോകവ്യവസ്ഥിതി സുഗമമാകും. അത്തരം ഗൃഹസ്ഥരുടെ മുന്നില്‍ സംന്യാസിയും വിനയാന്വിതനാകും. നല്ല പെരുമാറ്റവും പ്രവൃത്തികളും മൂലം എല്ലായിടത്തും ഐശ്വര്യം ഉണ്ടാകും. ഇത്തരമൊരു വ്യവസ്ഥ സൃഷ്ടിക്കുന്നതിന് എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്. ആത്മീയതയുടെ പ്രവാഹം എല്ലാവരിലും നിറയണം. എങ്ങനെ ജീവിതം നയിക്കണമെന്നും സത്കര്‍മങ്ങളുടെ വഴി എന്തെന്നം ഭാരതം ലോകത്തോട് പ്രാചീനകാലം മുതല്‍തന്നെ പറയുന്നുണ്ട്, സര്‍സംഘചാലക് പറഞ്ഞു.
ഗുരുനാഥ് കോട്നിസ്, എംഎല്‍എ സുധീര്‍ ഗാഡ്ഗില്‍, ഗണേഷ് ഗാഡ്ഗില്‍, സഞ്ജയ് കോട്നിസ് തുടങ്ങിയവര്‍ പങ്കെടുത്തു. താത്യാസാഹേബ് കോട്‌നിസിന്റെ സ്മൃതികുടീരം സന്ദര്‍ശിച്ച സര്‍സംഘചാലക് കോട്‌നിസ് കുടുംബവുമായും ആശയവിനിമയം നടത്തി.
Discussion about this post