അയോധ്യ: ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാച്ചടങ്ങില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കുമെന്ന് ക്ഷേത്രട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. ഇതര രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും. എല്ലാ സമ്പ്രദായങ്ങളിലെയും സംന്യാസിമാര്‍, സാമൂഹിക ജീവിതത്തിന്റെ വിവിധ മേഖലകളിലെ പ്രമുഖര്‍ തുടങ്ങിയവരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ചമ്പത് റായ് അയോധ്യയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ശങ്കരാചാര്യര്‍മാര്‍, മഹാമണ്ഡലേശ്വര്‍മാര്‍ സിഖ്, ബുദ്ധ വിഭാഗങ്ങളിലെ ആചാര്യന്മാര്‍ തുടങ്ങി എല്ലാ സമ്പ്രദായങ്ങളിലും പെട്ട നാലായിരും സംന്യാസിമാരുടെ സാന്നിധ്യമാണ് പ്രതീക്ഷിക്കുന്നത്. ശ്രീരാമജന്മഭൂമിയുടെ മോചനത്തിനായി പ്രക്ഷോഭങ്ങളില്‍ സജീവമായിരുന്നവരെയും ബലിദാനികളുടെ കുടുംബാംഗങ്ങളെയും ക്ഷണിച്ചിട്ടുണ്ട്. 1984 നും 1992 നും ഇടയില്‍ അയോധ്യവാര്‍ത്തകള്‍ സംബന്ധിച്ച് നിര്‍ണായക പങ്ക് വഹിച്ച മാധ്യമപ്രവര്‍ത്തകര്‍, എഴുത്തുകാര്‍, സാഹിത്യകാരന്മാര്‍, കവികള്‍ തുടങ്ങിയവരും എത്തും. മുന്‍ പ്രധാനമന്ത്രിമാര്‍ക്കും സൈനിക മേധാവികള്‍ക്കും ക്ഷണമുണ്ട്, ചമ്പത് റായ് പറഞ്ഞു.
പ്രാണപ്രതിഷ്ഠയ്ക്ക് എത്തിച്ചേരുന്നവര്‍ക്കായുള്ള എല്ലാ സൗകര്യങ്ങളും അയോധ്യയില്‍ സജ്ജീകരിക്കുന്നുണ്ട്. കര്‍സേവകപുരത്ത് ആയിരം പേര്‍ക്ക് താമസിക്കാവുന്ന വീടുകളാണ് ഒരുക്കിയിരിക്കുന്നത്. മഹന്ത് നൃത്യ ഗോപാല്‍ ദാസ് നയിക്കുന്ന യോഗ ആന്‍ഡ് നാച്ചുറോപ്പതി സെന്ററില്‍ 850 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ മഠം, ക്ഷേത്രം, ധര്‍മ്മശാല എന്നിവിടങ്ങളില്‍ അറുന്നൂറോളം പേര്‍ക്കും അയോധ്യ കന്റോണ്‍മെന്റിലെ വീടുകളില്‍ മറ്റുള്ളവര്‍ക്കും താമസിക്കാനുള്ള ക്രമീകരണങ്ങളുണ്ട്.
പുതുതായി സ്ഥാപിച്ച തീര്‍ത്ഥ ക്ഷേത്രപുരത്ത് ആറ് അടുക്കളകളും പത്ത് കിടക്കകളുമുള്ള ആശുപത്രിയുള്‍പ്പെടെ സജ്ജീകരിച്ചിട്ടുണ്ട്. 150 ഡോക്ടര്‍മാരുടെ സേവനം ഇവിടെ ലഭ്യമാക്കും. രണ്ടായിരം ശൗചാലയങ്ങള്‍ പ്രത്യേകമായി നിര്‍മ്മിക്കും. ശീതകാലമാണെന്നത് പരിഗണിച്ചുള്ള സൗകര്യങ്ങളും ഒരുക്കും.
സര്‍ക്കാര്‍ ക്രമീകരണങ്ങള്‍ക്ക് തീര്‍ത്ഥ ക്ഷേത്രപുരം, രാമസേവകപുരം, കര്‍സേവകപുരം എന്നിവിടങ്ങളില്‍ വാഹന പാര്‍ക്കിങ് ഒരുക്കുന്നുണ്ട്. സന്ദര്‍ശകരെ പ്രാണപ്രതിഷ്ഠാ വേദിയിലേക്ക് കൊണ്ടുപോകാനുള്ളവാഹനങ്ങളും സജ്ജമാണ്. നെറ്റ് വര്‍ക്കുകള്‍ തടസപ്പെടാതിരിക്കാന്‍ തീര്‍ത്ഥക്ഷേത്രപുരത്ത് നാല് മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്.
Discussion about this post