അയോദ്ധ്യ: തർക്കഭൂമി കേസിലെ കക്ഷികളിലൊരാളായ ഇക്ബാൽ അൻസാരിക്കും പ്രാണപ്രതിഷ്ഠാ ദിനത്തിലേക്ക് ക്ഷണം. ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് പ്രതിനിധികൾ നേരിട്ടെത്തിയാണ് ക്ഷണപത്രിക ഇക്ബാൽ അൻസാരിക്ക് കൈമാറിയത്. കേസിൽ മുസ്ലീം വിഭാഗത്തിലെ ഏറ്റവും ആദ്യത്തെ കക്ഷികളിലൊരാളായ അന്തരിച്ച ഹാഷിം അൻസാരിയുടെ മകനാണ് ഇക്ബാൽ അൻസാരി. പിതാവിന്റെ മരണശേഷമാണ് അദ്ദേഹം കേസിൽ കക്ഷി ചേർന്നത്.
രാമക്ഷേത്രത്തിന്റെ ഭൂമിപൂജ, ശിലാസ്ഥാപന ചടങ്ങുകളിലും ഇക്ബാൽ അൻസാരിക്ക് ക്ഷണമുണ്ടായിരുന്നു. അയോദ്ധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നത് വികസനത്തിൽ പുതിയ അധ്യായത്തിന് തുടക്കമിടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എനിക്ക് ക്ഷണം ലഭിച്ചത് ശ്രീരാമന്റെ ദൈവിക ആഗ്രഹമായിരിക്കാം. ഞാനത് അംഗീകരിക്കുന്നുവെന്നാണ് ഇക്ബാൽ അൻസാരി പറഞ്ഞത്.
ഡിസംബർ 30ന്റെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അയോദ്ധ്യ സന്ദർശനവേളയിൽ അദ്ദേഹത്തെ കാണാൻ കാത്തു നിന്നവരുടെ കൂട്ടത്തിൽ ഇക്ബാൽ അൻസാരിയുമുണ്ടായിരുന്നു. പുഷ്പവൃഷ്ടി നടത്തിയാണ് അദ്ദേഹം പ്രധാനമന്ത്രിയെ വരവേറ്റത്. ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും സിഖുകാർക്കും ക്രിസ്ത്യാനികൾക്കും ഒരു പോലെ പ്രാധാന്യമുള്ള സ്ഥലമാണ് അയോദ്ധ്യയെന്നും അൻസാരി മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
Discussion about this post