അന്ന് ശിലകളുമായി… ഇന്ന് അക്ഷതവുമായി… രാമക്ഷേത്രത്തിനായുള്ള മുന്നേറ്റത്തില്‍ ജനകോടികള്‍ അണിനിരന്നത് ഇങ്ങനെയാണ്. തലമുറകളേ മാറുന്നുള്ളൂ… ഇപ്പോഴും രാമന് വേണ്ടി അവര്‍ തെരുവിലുണ്ട്. അന്ന് രാമക്ഷേത്രം നിര്‍മിക്കാനുള്ള ശിലകളായിരുന്നു കൈയിലെങ്കില്‍ ഇന്ന് ശ്രീരാമക്ഷേത്രത്തിന്റെ ചിത്രവും അയോദ്ധ്യയില്‍ പൂജിച്ച അക്ഷതവുമാണെന്ന് മാത്രം. അപ്പോഴും ഇപ്പോഴും മുഴങ്ങുന്നത് ഒരേ മന്ത്രം… ജയ് ശ്രീറാം.
ഝാര്‍ഖണ്ഡിലെ ദുംകയിലെ തീന്‍ ബസാറില്‍ പച്ചക്കറിക്കടയിലിരുന്നാണ് ഓം കേസരി ഇത് പറയുന്നത്. തലയില്‍ കാവിറിബണ്‍ കെട്ടി രാമശിലയും ഉയര്‍ത്തിനില്‍ക്കുന്ന തന്റെയും കൂട്ടുകാരുടെയും ചിത്രവും ഓംകേസരി മാധ്യമപ്രവര്‍ത്തകര്‍ക്ക് കാട്ടിക്കൊടുത്തു.
ഇരുപത്തിമൂന്നാം വയസിലാണ് വിശ്വഹിന്ദുപരിഷത്തിന്റെ ആഹ്വാനപ്രകാരം ശിലാപൂജകള്‍ സംഘടിപ്പിച്ചത്. അന്നത്തെ ആവേശം പറഞ്ഞറിയിക്കാനാകില്ല. സംന്യാസിമാരുടെ നേതൃത്വത്തില്‍ നാടൊട്ടാകെ നടന്ന രാംജാനകി യാത്രകള്‍, ഗംഗാതീര്‍ത്ഥവും വഹിച്ചുകൊണ്ടുള്ള ഏകാത്മതാ യാത്രകള്‍… എല്ലായിടത്തും ഒരേ ലഹരിയായിരുന്നു. രാമന്‍ രാമന്‍… രാഷ്‌ട്രം രാഷ്‌ട്രം..
ശിരസില്‍ ശ്രീരാമശിലയുമായി ഞങ്ങള്‍ ഓരോവീട്ടിലും കയറി. എല്ലായിടത്തും ഭവ്യമായ സ്വീകരണമായിരുന്നു. തിലകം തൊട്ട് പൂമാലകള്‍ ചാര്‍ത്തി ആരതി ഉഴിഞ്ഞ് അമ്മമാര്‍ ശിലകളെ വരവേറ്റു, ഓം കേസരിയുടെ വാക്കുകളില്‍ നിറയുന്നു. ഇപ്പോള്‍ അമ്പത്താറ് വയസായി… എല്ലാം അതേ ആവേശത്തോടെ ഇന്നും എല്ലാം മുന്നില്‍ തെളിയുന്നു.
അദ്വാനിജിയുടെ രഥയാത്ര, അറസ്റ്റുകള്‍, ഭാരത് ബന്ദ്, കര്‍സേവ, ബലിദാനം, രാമപാദം ചേര്‍ന്ന കര്‍സവകരുടെ ചിതാഭസ്മവുമായി ജ്യോതിയാത്ര…. വിശ്രമിക്കുകയായിരുന്നില്ല ഇക്കാലമത്രയും ഞങ്ങള്‍. ഇങ്ങനെയൊരു ദിവസത്തിനായുള്ള കാത്തിരിപ്പായിരുന്നു അത്, കുട്ടികള്‍ അക്ഷതവും ലഘുലേഖയുമായെത്തി… അവരുടെ കണ്ണുകളില്‍ തിളക്കം എത്ര ആവേശകരമാണ്. കര്‍സേവയ്‌ക്കായാണ് അന്ന് ഞങ്ങള്‍ അയോദ്ധ്യയില്‍ പോയത്. ഇന്ന് ബാലകരാമനെ കാണാനും, ഓം കേസരി പറയുന്നു.
Discussion about this post