ലക്‌നൗ: അയോദ്ധ്യയിൽ വികസനമെത്തിച്ചത് കേന്ദ്രസർക്കാരാണെന്ന് ഇക്ബാൽ അൻസാരി. ശ്രീരാമ ജന്മഭൂമിയിൽ രാമക്ഷേത്രം ഉയരുന്നതിൽ അയോദ്ധ്യയിലെ മുസ്ലീംങ്ങൾ സന്തുഷ്ടരാണ്. പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമെന്നും തർക്ക മന്ദിരത്തിൽ മുസ്ലീം വിഭാഗത്തിനായി കക്ഷി ചേർന്ന ഇക്ബാൽ അൻസാരി പറഞ്ഞു.
ക്ഷേത്ര നിർമ്മാണം ആരംഭിച്ചത് മുതൽ അയോദ്ധ്യയും രാജ്യത്തെ മറ്റ് നഗരങ്ങൾക്കൊപ്പം വികസിച്ചു തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ദീർഘ വീക്ഷണമാണ് ക്ഷേത്ര നഗരിയുടെ മാറ്റത്തിന് കാരണം. അയോദ്ധ്യയിലെ മുഴുവൻ മുസ്ലീം സമുദായവും രാമക്ഷേത്ര നിർമ്മാണത്തെ സ്വാഗതം ചെയ്യുന്നുണ്ട്.
ശ്രീരാമ ജന്മഭൂമി തീർത്ഥ ട്രസ്റ്റ് പ്രതിനിധികൾ നേരിട്ടെത്തിയാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്ക് ഇക്ബാൽ അൻസാരിയെ ക്ഷണിച്ചത്. രാമക്ഷേത്രത്തിന്റെ ഭൂമിപൂജ, ശിലാസ്ഥാപന ചടങ്ങുകളിലേക്കും അൻസാരിക്ക് ക്ഷണമുണ്ടായിരുന്നു. തനിക്ക് ക്ഷണം ലഭിച്ചത് ഭഗവാൻ ശ്രീരാമന്റെ ദൈവിക ആഗ്രഹമായിരിക്കാം. താൻ അത് അംഗീകരിക്കുന്നുവെന്നാണ് ഇക്ബാൽ അൻസാരി ക്ഷണപത്രിക സ്വീകരിച്ചുകൊണ്ട് പറഞ്ഞത്. കഴിഞ്ഞ മാസം അയോദ്ധ്യയിലെത്തിയ പ്രധാനമന്ത്രിയെ ജയ് ശ്രീറാം വിളികളോടെ അൻസാരി സ്വാഗതം ചെയ്യുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
Discussion about this post