റായ്ബറേലി (ഉത്തര്‍പ്രദേശ്): ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് രാമ ഭക്തരുടെ പ്രവര്‍ത്തനങ്ങളുടെ കഥകളാണ് പുറത്തുവരുന്നത്. അത്തരം ഒരു ഭക്തന്റെ വീഡിയോ ആണ് ഇപ്പോള്‍ സാമൂഹികമാധ്യങ്ങളില്‍ ചര്‍ച്ചയാകുന്നത്.
മധ്യപ്രദേശിലെ ദാമോയില്‍ നിന്നുള്ള ഒരു സന്ന്യാസിയാണ് ശ്രദ്ധ നേടിയത്. പ്രതീകാത്മക രാമ രഥം തന്റെ ജടയില്‍ കെട്ടിവലിച്ച് അയോധ്യയിലേക്ക് യാത്ര തിരിച്ചാണ് ബദ്രി തന്റെ ഭക്തി പ്രകടിപ്പിക്കുന്നത്. ജനുവരി 22ന് രാം ലല്ലയുടെ പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങിനായി മധ്യപ്രദേശിലെ ദാമോയില്‍ നിന്ന് അയോധ്യ രാമക്ഷേത്രത്തിലേക്കുള്ള 566 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള യാത്രയിലാണ്. ജനുവരി 11ന് യാത്ര ആരംഭിച്ച അദ്ദേഹം എല്ലാ ദിവസവും ഏകദേശം 50 കിലോമീറ്ററോളമാണ് രഥം വലിച്ചുകൊണ്ട് സഞ്ചരിക്കുന്നത്.
വെള്ളിയാഴ്ച രാത്രി വൈകി ഫത്തേപൂരില്‍ നിന്ന് റായ്ബറേലിയില്‍ എത്തിയ സന്ന്യാസിയായ ബദ്രി അവിടെ നിര്‍ത്തി വിശ്രമിച്ചു. തന്റെ വിശ്രമകാലത്ത് നഗരത്തിലുടനീളമുള്ള നിരവധി ക്ഷേത്രങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു. ബെഹ്ത കവലയില്‍ സ്ഥിതി ചെയ്യുന്ന ഹനുമാന്‍ ക്ഷേത്ര സമുച്ചയത്തില്‍ നിന്ന് അദ്ദേഹം വീണ്ടും യാത്ര തുടര്‍ന്നു.
1992ല്‍ സന്ന്യാസിയെടുത്ത പ്രതിജ്ഞയുടെ ഭാഗമാണ് ഈ യാത്ര. അയോധ്യയില്‍ ശ്രീരാമന്റെ മഹത്തായ ക്ഷേത്രം പണിയുകയും രാംലല്ലയെ സ്ഥാപിക്കുകയും ചെയുന്ന ദിവസം തന്റെ തലമുടിയില്‍ രാമരഥം കെട്ടി വലിച്ചുകൊണ്ട് താന്‍ അയോധ്യയിലേക്ക് പോകുമെന്നായിരുന്നു ആ പ്രതിജ്ഞ. സനാതന്‍ ധര്‍മ്മമുണ്ടെങ്കില്‍ എല്ലാം അവിടെ നിലനില്‍ക്കും, മോദിയും യോഗിയും ഇല്ലാതെ രാമക്ഷേത്രം സാധ്യമാകുമായിരുന്നില്ലെന്നും ബദ്രി പറഞ്ഞു.
Discussion about this post