അന്ന് ശനിയാഴ്ചയായിരുന്നു, 2019 ഒക്‌ടോബര്‍ 26. എല്ലാ ദിവസവും വാല്മീകി രാമായണത്തില്‍ നിന്ന് കുറച്ചു ശ്ലോകങ്ങള്‍ ചൊല്ലുന്ന പതിവ് അന്നും തെറ്റിച്ചില്ല കേശവ പരാശരന്‍. അയോദ്ധ്യാ കേസിന്റെ ഒറ്റ ദിവസം പോലും മുടങ്ങാതെയുള്ള നാല്പത് ദിവസത്തെ വാദം അവസാനിക്കുകയാണ്. നീളന്‍ തിലകക്കുറിയും അണിഞ്ഞ് തീര്‍ത്തും ശാന്തനായി, ഭാരതീയ നീതിന്യായ വ്യവസ്ഥയ്‌ക്ക് ചിരപരിചിതമായ സാത്വികഭാവത്തില്‍ ഭഗവാന്‍ ശ്രീരാമന്റെ അഭിഭാഷകന്‍ പരമോന്നത കോടതിയിലേക്ക് പോകാനൊരുങ്ങുന്നു. കഴിഞ്ഞ നാല്പതു നാള്‍ വാദത്തില്‍ ഒപ്പം നിന്ന യുവ അഭിഭാഷകര്‍ പി.വി. യോഗേശ്വരനും അനിരുദ്ധ ശര്‍മയും ശ്രീധര്‍ പോട്ടരാജുവും അദിതി ധാനിയും അശ്വിന്‍ കുമാറും ഭക്തിവര്‍ദ്ധനും കാത്തുനില്‍ക്കുന്നു.
പരാശരന്റെ തൊണ്ണൂറ്റി രണ്ടാം പിറന്നാള്‍ കഴിഞ്ഞ് പതിനേഴാം ദിവസമാണ് അയോദ്ധ്യാക്കേസില്‍ സുപ്രീംകോടതിയിലെ വാദം അവസാനിച്ചത്. തൊണ്ണൂറാം വയസില്‍ പരിപൂര്‍ണമായും വ്യവഹാര ജീവിതത്തില്‍ നിന്നു മാറി നില്‍ക്കുകയായിരുന്ന പരാശരന്‍ 2016നു ശേഷം ശബരിമല ശ്രീധര്‍മ്മശാസ്താവിനും രാംലല്ല വിരാജ്മാനും വേണ്ടി മാത്രമാണ് വാദിച്ചത്.
‘നിയമം എന്റെ രണ്ടാം ഭാര്യയാണ്, ആദ്യ ഭാര്യ സരോജത്തോടു ഏറെ അസൂയയാണ് രണ്ടാം ഭാര്യക്ക്. അതുകൊണ്ട് സരോജയെക്കാള്‍ കൂടുതല്‍ ഞാന്‍ നിയമത്തിനൊപ്പമാണ് കഴിഞ്ഞത്’ എന്ന് ഒരിക്കല്‍ പറഞ്ഞ പരാശരന്‍ നവതി കഴിഞ്ഞപ്പോള്‍ വിശ്രമിക്കാനാണ് തീരുമാനിച്ചത്.
പക്ഷേ ഭാരതീയ നീതിന്യായ സമൂഹത്തിന്റെ പിതാമഹനെത്തേടി ബാലകരാമന്‍ എത്തുകയായിരുന്നു. എല്ലാ ദിവസവും വാദം കേള്‍ക്കാന്‍ അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ഭരണഘടനാബെഞ്ച് തീരുമാനിച്ചപ്പോള്‍ മുസ്ലിം വിഭാഗത്തിനു വേണ്ടി ഹാജരായ പ്രസിദ്ധ അഭിഭാഷകന്‍ രാജീവ് ധവാന്‍ തമാശ പറഞ്ഞു, അത് അഡ്വ. പരാശരനെ തളര്‍ത്തുമല്ലോ. തളരില്ല, രാംലല്ല വിരാജ്മാനു വേണ്ടിയുള്ള വാദം മരണത്തിനു മുമ്പ് പൂര്‍ത്തിയാക്കണമെന്ന ആഗ്രഹമേയുള്ളൂ എന്നായിരുന്നു മറുപടി. വാദം വിജയകരമായി പൂര്‍ത്തിയായി, സുപ്രീംകോടതിയുടെ ചരിത്രവിധി വന്നു, കുടുംബത്തോടൊപ്പം പരാശരന്‍ അയോധ്യയിലെ ഭൂമിപൂജ കണ്ടു, ബാലകരാമന്റെ പ്രണപ്രതിഷ്ഠയ്‌ക്ക് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി…
ഓരോ ദിവസവും സ്വയം എഴുതിത്തയാറാക്കിയ നോട്ടുകളുമായാണ് പരാശരന്‍ രാമനു വേണ്ടി വാദിക്കാന്‍ കോടതിയിലേക്ക് പോയിരുന്നത്. ലാറ്റിനും ഗ്രീക്കും സംസാരിച്ചിരുന്ന അച്ഛന്‍ കേശവ അയ്യങ്കാര്‍ വേദ പണ്ഡിതനുമായിരുന്നു. അച്ഛനാണ് ഗുരു എന്ന് പലപ്പോഴും പരാശരന്‍ പറഞ്ഞിട്ടുണ്ട്. ആ പാരമ്പര്യം മുഴുവന്‍ അയോദ്ധ്യാക്കേസിലെ വാദത്തില്‍ പ്രകാശം ചൊരിഞ്ഞുവെന്ന് ഒപ്പമുണ്ടായിരുന്ന അഡ്വ. അനിരുദ്ധ ശര്‍മ പറയുന്നു. അദ്ദേഹം തയാറാക്കിയ കുറിപ്പുകളില്‍ റോമന്‍ കാലത്തെ നിയമസംഹിതകളുണ്ടായിരുന്നു, ഭഗവദ്ഗീതാ ശ്ലോകങ്ങളുണ്ടായിരുന്നു. രാമനുവേണ്ടി വാദിക്കുന്ന ഒരു ഗുരുവിനൊപ്പമാണ് ഞങ്ങള്‍ ആ ദിവസങ്ങളില്‍ ജീവിച്ചതെന്നത് മഹത്തായ അനുഭവമാണ്, അഡ്വ. അനിരുദ്ധ ശര്‍മ പറയുന്നു.
ജനനീ ജന്മഭൂമിശ്ച
സ്വര്‍ഗാദപി ഗരീയസി എന്ന എന്ന ശ്രീരാമോപദേശം ചൊല്ലി ജന്മഭൂമി എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന് വിശദീകരിച്ചാണ് രാംലല്ല വിരാജ്മാനുവേണ്ടിയുള്ള വാദം പരാശരന്‍ തുടങ്ങിയത്. ഡയറ്റി അഥവാ മൂര്‍ത്തി നിയമത്തിന്റെ പരിധിയില്‍ വരും എന്നതാണ് സുപ്രീംകോടതിയില്‍ പരാശരന്‍ ഉന്നയിച്ച ഏറ്റവും ശക്തമായ വാദം. മൂര്‍ത്തിക്ക് അവകാശങ്ങളുണ്ട്്. ആ മൂര്‍ത്തിയെ തകര്‍ത്തത് ശരിയായില്ല. തെറ്റായി പ്രതിഷ്ഠിച്ചത് ശരിയായില്ല. വിശ്വാസത്തിന്റെ കാതലാണ് ജന്മസ്ഥാന്‍ എന്ന് പല തവണ ആവര്‍ത്തിച്ചാണ് വാദങ്ങള്‍ മുന്നോട്ടു കൊണ്ടുപോയത്.
ബാബര്‍, ബാബറി മസ്ജിദ് സ്ഥാപിക്കുന്നതിനു മുമ്പ് അവിടെ രാമന്റെ ക്ഷേത്രമായിരുന്നു എന്നതില്‍ തര്‍ക്കമില്ല. 433 വര്‍ഷം മുമ്പ് ബാബര്‍ ചെയ്ത തെറ്റ് തിരുത്തണം, പരാശരന്‍ ശക്തമായി വാദിച്ചു. ജന്മസ്ഥാന്‍ എന്ന വാക്കിലെ സ്ഥാന്‍ എന്ന പ്രയോഗം വിശദീകരിച്ചാണ് രാമന്‍ ജനിച്ച സ്ഥലം ഹിന്ദുക്കള്‍ക്ക് എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം വാദിച്ചത്. അയോദ്ധ്യയില്‍ മുസ്ലീങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ അമ്പതോ അറുപതോ പള്ളികളുണ്ട്. രാമന് ഒരേയൊരു ജന്മസ്ഥാനമേയുള്ളൂ, പരാശരന്‍ ഉറപ്പിച്ചു പറഞ്ഞു.
നാല്പതു ദിവസത്തിനിടയില്‍ പരാശരനോട് ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിച്ചത് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും (ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ്) ജസ്റ്റിസ് ജെ. ബോബ്‌ഡെയുമായിരുന്നു. ചോദ്യങ്ങള്‍ക്ക് അടിസ്ഥാനമില്ലാത്ത ഉത്തരങ്ങള്‍ അദ്ദേഹം നല്‍കിയില്ല. ചിലതിനോട് നാളെ വിശദീകരിക്കാം എന്നു പ്രതികരിച്ചു. ദിവസം പതിനെട്ടു മണിക്കൂര്‍ വരെ രാംലല്ലയ്‌ക്കു വേണ്ടി ഉണര്‍ന്നിരുന്നു, പഠിച്ചു, കോടതിയുടെ ചോദ്യങ്ങള്‍ക്ക് സമഗ്രമായ ഉത്തരങ്ങള്‍ നല്‍കി. പരാശരനോട് ഒരു ദിവസം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗൊയ് പറഞ്ഞു, താങ്കള്‍ക്ക് ഇരുന്നു വാദിക്കാനുള്ള സൗകര്യമൊരുക്കാം. ഞാന്‍ ഭഗവാന് വേണ്ടിയാണ് വാദിക്കുന്നത്, എങ്ങിനെ ഇരിക്കും എന്നായിരുന്നു മറുപടി. നാല്പതു ദിവസവും രാവിലെ പത്തര മുതല്‍ വൈകിട്ട് നാലര, അഞ്ചു വരെ ആ തൊണ്ണൂറുകാരന്‍ ഒരേ നില്പു നിന്നു വാദിച്ചു.
കോടതിയുടെ ചോദ്യങ്ങള്‍ക്കും മുസ്ലിം വിഭാഗത്തിന്റെ അഭിഭാഷകന്‍ രാജീവ് ധവാന്റെ പ്രകോപനങ്ങള്‍ക്കും മുന്നില്‍ അത്രനാളും സാത്വികനായിത്തന്നെ പരാശരന്‍ നിന്നു. ഹിന്ദു വിഭാഗത്തിനായി വാദിക്കുന്ന ഒരാളുടെ വാക്കുകള്‍ പരമ വിഡ്ഡിത്തം എന്ന് രാജീവ് ധവാന്‍ പരോക്ഷമായി പരിഹസിച്ചപ്പോഴും നെറ്റിയിലെ തിലകക്കുറി ചുളിഞ്ഞില്ല. വാദം തീര്‍ന്ന ദിവസം കോടതിക്കു പുറത്ത് പതിനഞ്ചു മിനിറ്റ് രാജീവ് ധവാനു വേണ്ടി കാത്തു നിന്നു. കുശലം പറഞ്ഞു, ഒന്നിച്ച് ഫോട്ടോയെടുത്തു. വാദത്തിനിടെ സംഭവിച്ചതൊന്നും തന്നെ തെല്ലും ബാധിച്ചിട്ടില്ല എന്നു ബോധ്യപ്പെടുത്തുകയായിരുന്നു പരാശരന്‍.
വാദം പൂര്‍ത്തിയായ ദിവസം പരാശരന്‍ പറഞ്ഞു, ഇനിയുള്ള എന്റെ ദിവസങ്ങള്‍ വിരസമായിരിക്കും എന്നു ഭയക്കുന്നു. രാംലല്ല വിരാജ്മാന് സ്വന്തം മണ്ണ് തിരികെ ലഭിച്ച വിധി വന്ന ദിവസം(2019 നവംബര്‍ 9) അദ്ദേഹം പ്രതികരിച്ചു, എല്ലാം രാമന്‍ തീരുമാനിച്ചിരുന്നു. രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് അംഗമാക്കിയപ്പോള്‍ സ്വന്തം വീട് ട്രസ്റ്റിന്റെ ഓഫീസാക്കാന്‍ അദ്ദേഹം തീരുമാനിച്ചു. അങ്ങിനെ ആര്‍-20, ഗ്രേറ്റര്‍ കൈലാഷ് പാര്‍ട്ട് വണ്‍, ന്യൂദല്‍ഹി എന്ന ആ വീട് രാജ്യ തലസ്ഥാനത്ത് രാമന്റെ മേല്‍വിലാസവുമായി. അവിടെ വെള്ള വേഷ്ടിയണിഞ്ഞ്, രാമായണ ശ്ലോകങ്ങള്‍ ഉരുവിട്ട് ഋഷി തുല്യനായി കേശവ പരാശരന്‍ കാത്തിരിക്കുന്നു, അയോദ്ധ്യയിലെ ശ്രീകോവിലില്‍ രാംലല്ല വിരാജ്മാന്‍ എഴുന്നള്ളിയിരിക്കുന്നതിന് സാക്ഷിയാവാന്‍…
Discussion about this post